മണ്‍സൂണ്‍ ടൂറിസം; കുമരകത്തേക്കും വാഗമണ്ണിലേക്കും സഞ്ചാരികള്‍ ഒഴുകിയെത്തുന്നു

ktm-vagamonകോട്ടയം: കര്‍ക്കിടകം മലയാളിയുടെ പഞ്ഞമാസമാണെന്ന ചൊല്ലൊക്കെ പണ്ട്. ഇപ്പോള്‍ കര്‍ക്കിടകമാസം മണ്‍സൂണ്‍ ടൂറിസത്തിന്റെ കാലംകൂടിയാണ്. മഴയുടെ ഭംഗി ആസ്വദിക്കാനും ആയുര്‍വേദ ചികിത്സയും രുചികരമായ ഭക്ഷണവും തേടിയും സ്വദേശികളും വിദേശികളുമായ നൂറുകണക്കിനു സഞ്ചാരികളാണ് ജില്ലയിലെത്തുന്നത്. ജില്ലയില്‍ കുമരകവും വാഗമണ്ണുമാണു മണ്‍സൂണ്‍ ടൂറിസത്തിന്റെ കേന്ദ്രങ്ങള്‍. മലയോര മേഖലയിലെ നൂല്‍മഴയും കോടമഞ്ഞിനൊപ്പം കായലുകളുടെയും തടാകങ്ങളുടെയും സാമീപ്യവും കൊതിക്കുന്നവരാണ് ഏറെയും.

കുമരകം കെടിഡിസിക്കു പുറമേ സ്വകാര്യ റിസോര്‍ട്ടുകളും മണ്‍സൂണ്‍ ടൂറിസം പ്രമാണിച്ചു വിവിധ പാക്കേജുകള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. കര്‍ക്കിടകത്തിലെ തണുത്ത അന്തരീക്ഷത്തില്‍നിന്നും ആഹാരമേശയിലെ കേരളീയ വിഭവങ്ങള്‍ ചൂടോടെ ഭക്ഷിക്കുമ്പോള്‍ വിദേശത്തുനിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ഉണ്ടാകുന്ന സംതൃപ്തി ഒന്നു വേറെ തന്നെ.കുമരകം കരിമീന്‍ പൊള്ളിച്ചതും വേമ്പനാട്ടുകായലിലെ കൊഞ്ചു ഫ്രൈയും നാടന്‍ കക്ക ഉലര്‍ത്തിയതും അടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങള്‍ കഴിക്കുന്നതോടെ സഞ്ചാരികളുടെ മനസും ശരീരവും നിറയും.വാഗമണ്ണിലെ കോടമഞ്ഞും നൂല്‍മഴയും ആസ്വദിക്കാനും ധാരാളം ആളുകള്‍ എത്താറുണ്ട്. പൈന്‍മരക്കാട്ടിലും മൊട്ടക്കുന്നിലും മഴ ആസ്വദിക്കാനായി ധാരാളം ആളുകളാണ് എത്തുന്നത്.

വനം വികസന കോര്‍പറേഷന്റെ ഓര്‍ക്കിഡ് ഉദ്യാനം സന്ദര്‍ശിക്കാനും ആളുകളുടെ തിരക്കാണ്. ഇവിടത്തെ റിസോര്‍ട്ടുകള്‍ സഞ്ചാരികള്‍ക്കായി നിരവധി പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. വാഗമണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലും ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികള്‍ക്കായി വടയാറില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് മനോഹരമായ ഓപ്പണ്‍ ഫുഡ് കോര്‍ട്ടാണ് ഒരുക്കിയിരിക്കുന്നത്. നാടന്‍ ഭക്ഷണങ്ങളാണ് ഓപ്പണ്‍ ഫുഡ് കോര്‍ട്ടിലൊരുക്കിയിരിക്കുന്നത്.

ഡിടിപിസിയുടെ നേതൃത്വത്തിലുള്ള ബോട്ട് യാത്രയ്ക്കും ധാരാളം ആളുകളാണ് ബുക്കു ചെയ്യുന്നത്. കോടിമതയില്‍നിന്ന് ആരംഭിച്ച് ആര്‍ ബ്ലോക്ക്, കൈനകരി വഴി ആലപ്പുഴയിലേക്കും കുമരകം വഴി പാതിരാമണലിലേക്കും രണ്ടു യാത്രകളാണ് ഒരുക്കിയിരിക്കുന്നത്.ഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക് 350 രൂപയാണ് ചാര്‍ജ്. ഇല്ലിക്കക്കല്ല് വഴി വാഗമണ്ണിലേക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് യാത്രയും ഒരുക്കിയിട്ടുണ്ട്. എസി ബസില്‍ ഒരാള്‍ക്ക് 350 രൂപയാണ് ചാര്‍ജ്. ബുക്കിംഗിന് 0481 2560479.

സഞ്ചാരികള്‍ക്ക് കര്‍ക്കിടക ചികിത്സയും – വേമ്പനാട്ടുകായല്‍ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം ഇനി ആയുര്‍വേദ ചികിത്സയും. കുമരകത്തെ ഏക സര്‍ക്കാര്‍ ടൂറിസ്റ്റ് സെന്ററായ കെടിഡിസി വാട്ടര്‍ സ്‌കേപ്‌സാണ് പ്രത്യേക കര്‍ക്കിടകമാസ ആയുര്‍വേദ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ ചെലവില്‍ ശാന്തിഗിരി ആയുര്‍വേദ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ വിവിധ ചികിത്സകളോടൊപ്പം കെടിഡിസി വാട്ടര്‍ സ്‌കേപ്‌സിന്റെ കായലിന് അഭിമുഖമായുള്ള കോട്ടേജുകളില്‍ താമസിച്ച് കായല്‍സൗന്ദര്യം നുകര്‍ന്ന് ആസ്വദിച്ച് ചികിത്സ നടത്താമെന്നതാണ് ഈ പാക്കേജിന്റെ പ്രത്യേകത.

മൂന്നു ദിവസത്തെ പാക്കേജിന് 16500 രൂപയും അഞ്ചുദിവസത്തെ പാക്കേജിന് 24600 രൂപയും മാത്രമാണ് ചെലവ്. സ്വേദനം, ഞവരക്കിഴി, ശിരോധാര, ഇലക്കിഴി, നേത്രധാര, പൊടിക്കിഴി തുടങ്ങിയ വിവിധ ട്രീറ്റുമെന്റുകളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ദിവസം ചെലവഴിക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒരു രാത്രിയും രണ്ടു പകലും താമസിച്ചു പ്രധാനചികിത്സകള്‍ നടത്താന്‍ 7990 രൂപയുടെ സ്‌പെഷല്‍ പാക്കേജും ഒരുക്കിയിട്ടുണെ്ടന്ന് കെടിഡിസി മാനേജര്‍ അരുണ്‍ പീതാംബരനും അസിസ്റ്റന്റ് മാനേജര്‍ ഇന്ദിരാഭായിയും പറഞ്ഞു. ഇതു കൂടാതെ കെടിഡിസുടെ ഡേ ഔട്ട് പാക്കേജ് എടുക്കുന്നവര്‍ക്ക് 750 രൂപയ്ക്ക് ശാന്തിഗിരി ആയുര്‍വേദ സെന്ററിലെ ഡോക്ടറുമായി ആശയവിനിമയം, പക്ഷിസങ്കേത സന്ദര്‍ശനം, ബൊഫേ ലഞ്ച്, ബോട്ടിംഗ് തുടങ്ങിയവയും ആസ്വദിക്കാം.

Related posts