സിജോ പൈനാടത്ത്
കൊച്ചി: മദ്യനയത്തില്‍ പുതിയ സര്‍ക്കാരിന്റെ നിലപാടു കാത്തു മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതുമെന്നു ചില ഇടതുനേതാക്കള്‍ പറയുമ്പോഴും, മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പുതിയ സര്‍ക്കാര്‍ മറക്കില്ലെന്നാണു മദ്യവിരുദ്ധപ്രസ്ഥാനങ്ങളുടെ പ്രതീക്ഷ. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ സംസ്ഥാനത്തു മദ്യ ലഭ്യതയും ഉപയോഗവും കുറഞ്ഞുവെന്ന വിലയിരുത്തലുണ്ട്. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ജനങ്ങളുടെയും സ്വീകാര്യത നയത്തിനു ലഭിക്കുകയും ചെയ്തു. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം നടപ്പാക്കുമെന്നു പറയുന്ന നയത്തിലെ പ്രായോഗിക പ്രശ്നങ്ങളും അവ്യക്തതകളും മദ്യവിരുദ്ധപ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. മദ്യനിരോധനമല്ല മദ്യവര്‍ജനമാണു നയമെന്നായിരുന്നു ഇടതു നിലപാട്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന രണ്ടു വര്‍ഷത്തില്‍ മദ്യനയത്തിലൂടെ മദ്യ വില്പനയിലും ഉപയോഗത്തിലും 22.11 ശതമാനം കുറവുണ്ടായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 2014 ഏപ്രില്‍ ഒന്നു മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മദ്യ ഉപയോഗം 22.59 കോടി ലിറ്റര്‍ കുറഞ്ഞുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള 738 ബാറുകളാണു യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ആദ്യഘട്ടത്തില്‍ 418 ഉം പിന്നീട് 320 ഉം ബാറുകളാണ് അടച്ചത്. ബിവറേജസ് കോര്പറേഷന്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ 70 ചില്ലറ മദ്യവില്പന കേന്ദ്രങ്ങളും മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടി. ബിവറേജസ് കോര്‍പറേഷന്റെ വില്പനകേന്ദ്രങ്ങള് എല്ലാ ഒക്ടോബര്‍ രണ്ടിനും പത്തുശതമാനം വീതം കുറയ്ക്കുമെന്നും നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശമദ്യവില്പനയില് കുറവുണ്ടായപ്പോള്‍ രണ്ടു വര്‍ഷത്തിനിടെ ബിയര്‍, വൈന്‍ വില്പനയില് വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ബിയര്‍ വില്പനയില് 2. 87 കോടി ലിറ്ററും വൈന്‍ വില്പനയില് 10.42 ലക്ഷം ലിറ്ററുമാണ് വര്ധനവുണ്ടായതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. പൂട്ടിയ ബാറുകളിലേറെയും ഇപ്പോള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാര്‍ ആരു ഭരിച്ചാലും മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരികയെന്നതാണു കേരളം ആഗ്രഹിക്കുന്നതെന്നു കെസിബിസി മദ്യവിരുദ്ധസമിതി സെക്രട്ടറി ഫാ. ടി.ജെ. ആന്റണി പറഞ്ഞു. മദ്യനയത്തിന്റെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതിയില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടു പോകില്ലെന്നാണു പ്രതീക്ഷ.
പൂട്ടിയ ബാറുകളൊന്നും തുറക്കില്ലെന്നു സിപിഎം ദേശീയ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മദ്യലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരുമെന്നു തെരഞ്ഞെടുപ്പു പ്രകടനപത്രികയിലൂടെയും എല്‍ഡിഎഫ് പറഞ്ഞു. യുഡിഎഫിന്റെ മദ്യനയത്തിന് ആവശ്യമായ പിന്തുണ കിട്ടിയില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണം, അതു പൊളിച്ചെഴുതാനുള്ള നീക്കത്തിനാണു പിന്തുണയാകുന്നതെന്നും ഫാ. ടി.ജെ. ആന്റണി ചൂണ്ടിക്കാട്ടി. 2017 മാര്‍ച്ച് 31 വരെയാണു നിലവിലെ മദ്യനയത്തിന്റെ കാലാവധി. ഇതിനുള്ളില്‍ മദ്യവില്പന കൂടുന്ന തരത്തില്‍ നയത്തില്‍ മാറ്റം വരുത്താനിടയില്ലെന്നും മദ്യവിരുദ്ധപ്രസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നു.