മദ്യപിച്ച് ബസോടിച്ച രണ്ടു ഡ്രൈവര്‍മാര്‍ പിടിയില്‍

klm-arrestതൃശൂര്‍: മദ്യപിച്ച് ബസോടിച്ച രണ്ടു ഡ്രൈവര്‍മാരെ സിറ്റി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ വെട്ടുകാട് കല്ലിക്കല്‍ വീട്ടില്‍ മനോജ്(41), വടക്കാഞ്ചേരി പറളിക്കാട് പുളിയത്ത് കളത്തില്‍ വീട്ടില്‍ രാധാകൃഷ്ണന്‍(45) എന്നിവരെയാണ് എസ്‌ഐ മഹേന്ദ്രസിംഹന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. തൃശൂര്‍-മെഡിക്കല്‍ കോളജ് റൂട്ടിലും, തൃശൂര്‍-പുത്തൂര്‍ റൂട്ടിലും സര്‍വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവര്‍മാരാണിവര്‍. ശക്തന്‍ സ്റ്റാന്‍ഡിലും വടക്കേ സ്റ്റാന്‍ഡിലും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

നേരത്തെ ട്രാഫിക് പോലീസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി മദ്യപിച്ച ഡ്രൈവര്‍മാരെ പിടികൂടിയിരുന്നു. ഇതെത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ പുതിയ തന്ത്രം പ്രയോഗിച്ച് പോലീസിനെ കബളിപ്പിക്കുകയായിരുന്നു. സ്റ്റാന്‍ഡില്‍നിന്നും ബസ് സ്റ്റാര്‍ട്ട് ചെയ്ത് വണ്ടിയെടുക്കുന്നത് മദ്യപിക്കാത്ത ഡ്രൈവര്‍മാരായിരിക്കും. പിന്നീട് മദ്യപിച്ച ഡ്രൈവര്‍മാര്‍ എത്തി ഡ്രൈവിംഗ് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. പോലീസിനെ ഇത്തരത്തില്‍ കബളിപ്പിക്കുന്നത് മനസിലായതിനെ തുടര്‍ന്ന് പോലീസ് ബസ് സ്റ്റാന്‍ഡില്‍നിന്നും പുറപ്പെട്ടതിന് ശേഷമാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മദ്യപിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ അമിതമായി മദ്യപിച്ചതിനാല്‍ ആല്‍ക്കഹോളിന്റെ അംശം ഇവരില്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. ബസുകളും കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts