കൊല്ലം: ഇടതുമുന്നണിക്ക് സമ്പൂര്‍ണ വിജയം സമ്മാനിച്ച കൊല്ലം ജില്ലയില്‍ നിന്ന് ആരൊക്ക മന്ത്രിമാരാകുമെന്ന് കാര്യം എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്.2011-ലെ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ 11-ഉം നേടി എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ അന്ന് കൊല്ലം ജില്ലയ്ക്ക് അഞ്ച് മന്ത്രിമാരെ ലഭിക്കുകയുണ്ടായി. ഇത്തവണ വിജയം അതുക്കും മേലെയാണ്. അതുകൊണ്ട് തന്നെ മന്ത്രിസഭയില്‍ കൊല്ലത്തിന് അര്‍ഹമായ പ്രതിനിധ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.സിപിഎമ്മിലെ പി.കെ.ഗുരുദാസന്‍, എം.എ. ബേബി, സിപിഐയിലെ സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ആര്‍എസ്പിയിലെ എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ കൊല്ലത്തുനിന്നുള്ള പ്രതിനിധികള്‍.
ജെ.മേഴ്‌സിക്കുട്ടിയമ്മ, അഡ്വ.പി.ഐഷാപോറ്റി, എം.മുകേഷ്, എം.നൗഷാദ് എന്നിവരാണ് സിപിഎം എംഎല്‍എമാര്‍. പാര്‍ട്ടിയിലെ സീനിയോറിറ്റി അനുസരിച്ച് ജെ.മേഴ്‌സിക്കുട്ടിയമ്മ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടും.രണ്ട് വനിതാ മന്ത്രിമാര്‍ ഉണ്ടാകുകയാണെങ്കില്‍ തെക്കന്‍ജില്ലയില്‍ നിന്നുള്ള മേഴ്‌സിക്കുട്ടിക്ക് തന്നെ നറുക്ക് വീഴും. കൊല്ലത്തെ വിജയി മുകേഷിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന് കണ്ടറിയണം.
മുല്ലക്കര രത്‌നാകരന്‍, അഡ്വ.കെ.രാജു, ആര്‍.രാമചന്ദ്രന്‍, ജി.എസ്.ജയലാല്‍ എന്നീ സിപിഐക്കാരില്‍ ഒരാളെങ്കിലും മന്ത്രി സ്ഥാനത്തേയ്ക്ക് വരുമെന്ന കാര്യവും ഉറപ്പാണ്.എന്‍.വിജയന്‍പിള്ള, കെ.ബി.ഗണേഷ്കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ ഇടത് ഘടകക്ഷികളുടെ പ്രതിനിധികളല്ല. എല്‍ഡിഎഫ് സഹയാത്രികരായ ഇവരില്‍ ആര്‍ക്കെങ്കിലും മന്ത്രി സ്ഥാനം നല്‍കുമോ എന്നി കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.