മയക്കുമരുന്ന് കടത്തുകേസ്: ഭര്‍ത്താവിനു പങ്കില്ലെന്നു ബോളിവുഡ് താരം മമത കുല്‍ക്കര്‍ണി; മമതയും നിരീക്ഷണത്തിലെന്നു പോലീസ്

Mamathaമുംബൈ: മയക്കുമരുന്ന് കടത്തുകേസുമായി തന്റെ ഭര്‍ത്താവ് വിക്കി ഗോസ്വാമിക്ക് ബന്ധമില്ലെന്ന് ബോളിവുഡ് താരം മമത കുല്‍ക്കര്‍ണി. 2,000 കോടിയുടെ മയക്കുമരുന്ന് കടത്തുകേസില്‍ പോലീസ് തിരയുന്നവരില്‍ മമത കുല്‍ക്കര്‍ണിയുടെ ഭര്‍ത്താവും ഉള്‍പ്പെട്ടതായുള്ള റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഇവര്‍. വികാസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മയക്കുമരുന്ന് കേസില്‍ അസ്റ്റിലായെന്ന വാര്‍ത്ത തെറ്റാണ്. വിക്കി അറസ്റ്റിലായത് ചില കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്. സുഹൃത്തുക്കളായ രണ്ടു സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനെത്തുടര്‍ന്നുണ്ടായ കേസിലാണ് വിക്കി  അറസ്റ്റിലാകുന്നത്.

രണ്ടുമാസമായി ബിസിനസ് ആവശ്യങ്ങള്‍ക്കായി അദ്ദേഹം കെനിയയിലാണ്. പഞ്ചസാരയും ചോളവും ഗോതമ്പുമായി ബന്ധപ്പെട്ട ബിസിനസാണ് വിക്കി ചെയ്യുന്നത്. താനെയിലെ മയക്കുമരുന്ന് സംഘവുമായി തനിക്കോ ഭര്‍ത്താവിനോ ബന്ധമില്ല. എന്തിനാണ് തന്റെ പേര് ഇതിലേക്ക് പോലീസ് വലിച്ചിഴച്ചതെന്ന് അറിയില്ല- മമത കുല്‍ക്കര്‍ണി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാണ്ടഡ് പട്ടികയില്‍ വിക്കി ഗോസ്വാമി ഉണ്ടെന്നുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് പോലീസ് പുറത്തു വിട്ടത്. 2014ല്‍ കെനിയയിലും ദുബായിയിലും ഇയാള്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി.—മുംബൈയിലെ മരുന്നുനിര്‍മാണ ഫാക്ടറിയുടെ മറവില്‍ മയക്കുമരുന്നുകള്‍ ഉണ്ടാക്കി വിദേശത്തേക്കു കടത്തിയതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം വിക്കി ഗോസ്വാമിയാണെന്നാണു പോലീസ് പറഞ്ഞത്. പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് ഇവര്‍ നിര്‍മിച്ചത്. മുംബൈയില്‍നിന്നു യുഎസ് വഴി കെനിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് ഇവര്‍ മരുന്നുകള്‍ കടത്തിയിരുന്നത്.—

2014ല്‍ പിടിയിലായ ഒരു മയക്കുമരുന്നു കടത്ത് സംഘത്തില്‍നിന്നാണ് അന്വേഷണ സംഘത്തിന് ഈ വിവരം ലഭിച്ചത്. ഇതിന്റെ ചുവടുപിടിച്ച് കഴിഞ്ഞയാഴ്ച മുംബൈയിലെ മരുന്നുനിര്‍മാണ ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 20,000 കിലോ മയക്കുമരുന്നു നിര്‍മാണസാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ മതിപ്പുവില 2,000 കോടി വരുമെന്നാണ് കണക്കുകൂട്ടലെന്നും പോലീസ് പറഞ്ഞു. യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.—

2013ലായിരുന്നു മമത കുല്‍ക്കര്‍ണിയുടെയും വിക്കിയുടെയും വിവാഹം. 90കളില്‍ പുറത്തിറങ്ങിയ ചില സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ ചിത്രങ്ങളില്‍ വിക്കി മുഖംകാണിച്ചിട്ടുണ്ട്.—സംഭവത്തില്‍ വിക്കി  ഗോസ്വാമിയുടെ ഭാര്യ മമത കുല്‍ക്കര്‍ണിയും നിരീക്ഷണത്തിലാണ്. വിക്കി വര്‍ഷങ്ങളായി മയക്കുമരുന്നു കടത്ത് സംഘത്തിന്റെ പ്രധാനിയാണെന്നാണ് പോലീസ് പറയുന്നത്.

Related posts