മയാമി: മയാമി ഓപ്പണില്‍ ഇന്നലെ അട്ടിമറികളുടെ ദിനം. പുരുഷവിഭാഗത്തില്‍ പ്രീക്വാര്ട്ടറിലെത്താതെയാണ് മുന്‍ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ ആന്‍ഡി മുറേ പുറത്തായത്. വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസിന് അടിപതറി. റഷ്യന്‍ താരം സ്വെറ്റ്ലാന കുസ്നെറ്റ്സോവയാണ് സെറീനയെ അട്ടിമറിച്ചത്. ആദ്യ സെറ്റു നേടിയതിനു ശേഷമായിരുന്നു സെറീനയുടെ തോല്‍വി.
സ്കോര്‍ 7-6, 1-6, 2-6. രണ്ടാം റൗണ്ടില്‍ ബള്‍ഗേറിയന്‍ താരം ഗ്രിഗോര്‍ ദിമിത്രോവിനോട് 7-6, 4-6, 3-6 എന്ന സ്കോറിനാണ് ബ്രിട്ടീഷ് താരം മുറെ പരാജയപ്പെട്ടത്. പോര്‍ച്ചുഗീസ് താരം ഷൂഔ സൂസയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച് പ്രീക്വാര്‍ട്ടറിലെത്തി. ആറാം കിരീടമാണ് ജോക്കോവിച്ച്് ലക്ഷ്യമിടുന്നത്. പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തൈമാണ് സെര്‍ബിയന്‍ താരത്തിന്റെ എതിരാളി.