മരുന്ന് മറിയതോ? യുവമാധ്യമ പ്രവര്‍ത്തക കുഴഞ്ഞു വീണു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം; മരിച്ചത് അനുശ്രീ പിള്ള

Anusree-Pillaiപത്തനംതിട്ട: മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (31) അന്തരിച്ചു. മല്ലപ്പള്ളി – ചാലാപ്പള്ളി സ്വദേശിനിയാണ്. ഇന്നലെ രാത്രിയാണ് അന്ത്യം. വയറുവേദനയെ തുടര്‍ന്ന് ചുങ്കപ്പാറയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തി കുത്തിവയ്പ് എടുത്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും തുടര്‍ന്ന് കോഴഞ്ചേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം. ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.

ഇന്ത്യാവിഷന്‍, ജയ്ഹിന്ദ്, കേരള വിഷന്‍ ചാനലുകളില്‍ വാര്‍ത്ത അവതാരകയായി അനുശ്രീ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ടൈംസ് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ ചാനലില്‍ കോപ്പി എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പത്തോടെയാണ് അനുശ്രീ ചുങ്കപ്പാറയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കായി എത്തുന്നത്. കുത്തിവയ്പിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതായി പറയുന്നു.

ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലാണ് മരണം. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പെരുമ്പെട്ടി പോലീസില്‍ പരാതി നല്‍കി. ചാലാപ്പള്ളി നാടമല കുന്നേല്‍ തടത്തില്‍ കുടുംബാംഗമാണ് അനുശ്രീ പിള്ള. ബന്ധുക്കളുടെ മൊഴി രാവിലെ പോലീസ് രേഖപ്പെടുത്തി. ആശുപത്രിയിലെത്തിയും പോലീസ് മൊഴിയെടുത്തു. മരുന്നിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. പിതാവ്: പരേതനായ ശ്രീധരന്‍ പിള്ള മാതാവ്: രത്‌നമ്മ

Related posts