മറിയക്കുട്ടി വധം: ക്രൈംബ്രാഞ്ച് അന്വേഷണവും നിലച്ചു

klm-CRIMEപയ്യന്നൂര്‍: ചെറുപുഴ കാക്കേഞ്ചാലിലെ മറിയക്കുട്ടി വധവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിവന്ന അന്വേഷണവും നിലച്ചു. കേസന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് കുമാറിനെ തിരൂര്‍ ഡിവൈഎസ്പിയായി നിയമിക്കുകയും പകരം ഉദ്യോഗസ്ഥനെ നിയമിക്കാതിരുന്നതുമാണ് അന്വേഷണം നിലയ്ക്കാനിടയാക്കിയത്. അതിനിടെ ഈമാസം 20 നുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട മറിയക്കുട്ടിയുടെ മകന്‍ സെബാസ്റ്റ്യന്‍ ജോസ് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനിടയില്‍ നാലു ഡിവൈഎസ്പിമാര്‍ കേസന്വേഷിക്കുകയും നിരവധിയാളുകളെ ചോദ്യം ചെയ്യുകയും തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു.    പയ്യന്നൂരിലെ ഒരു ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധനാവിധേയമാക്കി. സംഭവസ്ഥലത്തുനിന്നു കിട്ടിയ സിഗരറ്റ്കുറ്റി ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബില്‍ പരിശോധനയ്ക്കയക്കുകയും ഇതിന്റെ ഫലവുമായി ഒത്തുനോക്കുന്നതിനായി ചിലരുടെ രക്ത സാമ്പിളുകളും അന്വേഷകസംഘം ശേഖരിക്കുകയും ചെയ്തിരുന്നു.

ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്ന് അടിവരയിട്ട് ഉറപ്പിക്കുമ്പോഴും പ്രതികളിലേക്കെത്താന്‍ സഹായകമായ തെളിവുകള്‍ ലഭിക്കാതെ കേസന്വേഷണം വഴിമുട്ടിനില്‍ക്കുകയാണ്. മറിയക്കുട്ടി കൊല്ലപ്പെട്ട ദിവസം അലമാരയിലുണ്ടായിരുന്ന 60,000 രൂപയും കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപയും മേശപ്പുറത്ത ടവലില്‍ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന അഞ്ചുപവന്റെ മാലയും നഷ്ടപ്പെടാതിരുന്നതിനാല്‍ പണത്തിനു വേണ്ടിയുള്ള കൊലപാതകമല്ല എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

2012 മാര്‍ച്ച് അഞ്ചിനു രാവിലെയാണു മറിയക്കുട്ടിയെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം എങ്ങുമെത്താതെ വന്നതിനെ തുടര്‍ന്നാണു കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഒടുവില്‍ കേസന്വേഷണ ചുമതല ഉണ്ടായിരുന്ന ഡിവൈഎസ്പി സന്തോഷ് കുമാറിനെയാണ് തിരൂരിലേക്ക് മാറ്റിയിരിക്കുന്നത്.

Related posts