എടക്കര (മലപ്പുറം): മലപ്പുറം ജില്ലയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. ജില്ലാതിര്‍ത്തിയായ വഴിക്കടവ് ആനമറിയില്‍ കാറില്‍ കടത്തുകയായിരുന്ന രണ്ടരക്കോടി രൂപയുമായി ഇന്നലെ മൂന്നുപേരെ പിടികൂടി. കാര്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കണ്ണംപള്ളിയാലില്‍ മുഹമ്മദ് നിസാര്‍ (27), തിരൂര്‍ക്കാട് ചില്ലപുറത്ത് മുസ്തഫ (37), കോട്ടക്കല്‍ പുത്തൂര്‍ ലാളക്കുണ്ടില്‍ അല്‍ത്തിഫ് (31) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ഒരാഴ്ച മുമ്പ് പെരിന്തല്‍മണ്ണയ്ക്കടുത്തു തൂതയില്‍ ഒന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച പോലീസിന്റെ അതിര്‍ത്തി പരിശോധന സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്. പെരിന്തല്‍മണ്ണ ട്രാഫിക് എസ്‌ഐ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നാടുകാണി ചുരമിറങ്ങി എത്തിയ ടിഎന്‍ 01-എവി 5952 കാറില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. കാറിലുണ്ടായിരുന്ന യുവാക്കളുടെ പരിഭ്രമംകണ്ടു പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. കാറിന്റെ പിന്‍ഭാഗത്തുണ്ടാക്കിയ രഹസ്യ അറയില്‍ വെളുത്ത ബാഗിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. ആയിരം രൂപയുടെ എട്ട് കെട്ടുകളും അഞ്ഞൂറിന്റെ മുപ്പത്തിനാല് കെട്ട് നോട്ടുകളുമാണ് ബാഗിലുണ്ടായിരുന്നത്. ആയിരത്തിന്റെ ഒരു കെട്ടില്‍ പത്ത് ലക്ഷം രൂപ വീതമാണ് ഉണ്ടായിരുന്നത്.
അങ്ങാടിപ്പുറം സ്വദേശിയായ അന്‍വര്‍ സാദത്ത് എന്നയാള്‍ക്ക് എത്തിക്കുന്നതിന് കൊണ്ടുപോകുകയായിരുന്നു പണമെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ഒരു ഹിന്ദിക്കാരനാണ് പണം നല്‍കിയതെന്നും പ്രതികള്‍ പറഞ്ഞു. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ പിടികൂടിയ കുഴല്‍പ്പണവും ബംഗളൂരുവില്‍ നിന്നാണ് കൊണ്ടുവന്നത്.
ഇന്നലെ പിടിയിലായവര്‍ കരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരാണ്. ദിവസം രണ്ടായിരത്തഞ്ഞൂറ് രൂപ ഒരാള്‍ക്ക് ലഭിക്കുമത്രെ. എന്നാല്‍, പ്രതികള്‍ സ്ഥിരമായി കുഴല്‍പ്പണ ഇടപാട് നടത്തുന്നവരാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ചെന്നൈ സ്വദേശി ബഷീര്‍ എന്നയാളുടെ പേരിലാണ് പിടികൂടിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍. പണവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും വാഹനത്തിലുണ്ടായിരുന്നില്ല. പണം എസ്ബിടിയുടെ മണിമൂളി ബ്രാഞ്ചില്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതികളെയും പണം കടത്താനുപയോഗിച്ച കാറും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.