മലമ്പുഴഡാമില്‍ വെള്ളം 29 ദിവസത്തേക്കുമാത്രം: രണ്ടാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

PKD-DAMമലമ്പുഴ: അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന സാഹചര്യത്തില്‍ , പ്രത്യേകിച്ചും മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്ന സ്ഥിതിയില്‍ ജില്ലയില്‍ രണ്ടാംവിള നെല്‍കൃഷി പ്രതിസന്ധിയിലാകും. മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ ജലനിരപ്പ് ഏറെ താഴെയാണ്. കൃഷിയ്ക്ക് അണക്കെട്ടുകളെ മാത്രം ആശ്രയിക്കുന്ന ജില്ലയില്‍ വരാനിരിക്കുന്നത് രൂക്ഷമായ പ്രതിസന്ധിയാണെന്നത് നിസംശയം പറയാം. 226 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴയില്‍ ബുധനാഴ്ചയുള്ളത് 91.2351 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാകട്ടെ 134.8801 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്നു.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കാത്തതിനാല്‍ നീരൊഴുക്ക് കുറഞ്ഞതാണ് പ്രശ്‌നത്തിന് കാരണം. പാലക്കാട് നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് മലമ്പുഴ. രണ്ടാംവിളയ്ക്ക് ആലത്തൂര്‍, തിരുവില്വാമല, കുഴല്‍മന്ദം, പുതുപ്പരിയാരം, മുണ്ടൂര്‍, കോങ്ങാട്, കണ്ണാടി, തേനൂര്‍, ഒറ്റപ്പാലം, പാലപ്പുറം വരെ പല പ്രദേശങ്ങളിലെയും കൃഷിക്കാരുടെ ഏക ആശ്രയമാണ് മലമ്പുഴ ഡാം. ഇത്തവണ ഞാറ്റടി തയ്യാറാക്കാന്‍ ഉള്‍പ്പെടെ അണക്കെട്ടില്‍നിന്ന് വെള്ളം കൊടുക്കേണ്ടിവരും. അണക്കെട്ടില്‍ വെള്ളമില്ലാത്തത് ടൂറിസം മേഖലയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

ചിറ്റൂര്‍ പുഴ പദ്ധതിയ്ക്ക് കീഴിലുള്ള ചുള്ളിയാര്‍, മീങ്കര, വാളയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഏറെ താഴെയാണ്. ഏകദേശം 40,000 ഏക്കര്‍ പ്രദേശത്ത് ചിറ്റൂര്‍ പുഴ പദ്ധതിയെ ആശ്രയിച്ച് കൃഷി ചെയ്യുന്നുണ്ട്. 11.30 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മീങ്കര അണക്കെട്ടില്‍ 1.31 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷമിത് 8.155 ആയിരുന്നു. രണ്ടു വര്‍ഷത്തെയും ജല നിരപ്പുകളില്‍ വളരെയധികം അന്തരമുണ്ട്. വാളയാര്‍ അണക്കെട്ടിലും സമാന്തര സ്ഥിതിയാണുള്ളത്. 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയായിരിക്കെ ഇപ്പോഴുള്ളത് 3.92 ദശലക്ഷം ഘനമീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷമിത് 12.803 ദശലക്ഷം ഘനമീറ്ററായിരുന്നു.

ചുള്ളിയാറിലാവട്ടെ 1.334 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷമിത് 7.971 ദശലക്ഷം ഘനമീറ്ററായിരുന്നു. അണക്കെട്ടിന്റെ ആകെ ശേഷി 13.70 ദശലക്ഷം ഘനമീറ്ററും.50.914 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള പോത്തുണ്ടി അണക്കെട്ടില്‍ 23.248 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കഴിഞ്ഞ വര്‍ഷമാവട്ടെ 30.734 ദശലക്ഷം ഘനമീറ്ററും. 70.8274 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 64.9618 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ വര്‍ഷമിത് 65.2411 ദശലക്ഷം ഘനമീറ്ററായിരുന്നു.

മംഗലം അണക്കെട്ടിന്റെ ആകെ സംഭരണശേഷി 25.494 ദശലക്ഷം ഘനമീറ്റര്‍ ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളം കൂടുതലുള്ള ഏക അണക്കെട്ട് മംഗലം മാത്രമാണ്.  77.60 മീറ്ററാണ് ജലനിരപ്പ്. ഇനിയുള്ള തുലാവര്‍ഷം അനുഗ്രഹിച്ചാല്‍മാത്രമേ അണക്കെട്ടുകളില്‍ ജലനിരപ്പുയരൂ.അല്ലാത്തപക്ഷം ജില്ലാ സാക്ഷ്യംവഹിക്കുക കനത്ത വേനലിനേയും വരള്‍ച്ചയേയുമായിരിക്കും.

Related posts