നെയ്യാറ്റിന്‍കര: മഹാശിവരാത്രിയോട നുബന്ധിച്ചുള്ള ശിവാലയ ഓട്ടം നാളെ ആരംഭിക്കും. കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം, വിളവംകോട് താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 ശിവക്ഷേത്രങ്ങളില്‍ ഭക്തര്‍ ദര്‍ശനം നടത്തുന്ന പവിത്രകര്‍മമാണ് ശിവാലയം. തിരുമല നിന്ന് തിരുനട്ടാലം വരെയുള്ള എണ്‍പതോളം കിലോമീറ്റര്‍ ഭക്തര്‍ ഓടിയും നടന്നുമൊക്കെയായിരുന്നു ശിവാലയ ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നത്. ശിവരാത്രിയുടെ തലേന്നാള്‍ വ്രതാനുഷ്ഠാനത്തോടെയാണ് ശിവാലയ ഓട്ടത്തിനു പോകുന്ന ചടങ്ങുകളുടെ തുടക്കം. കാവി വസ്ത്രം ധരിച്ച് അരയില്‍ ചുവന്ന തോര്‍ത്ത് ചുറ്റി കൈയില്‍ പനയോല വിശറിയും ഭസ്മസഞ്ചിയുമായി നഗ്നപാദരായിട്ടാണ് ശിവാലയ ഓട്ടക്കാരുടെ പ്രയാണം.
ഓടുന്നതിനിടയില്‍ ഗോവിന്ദ, ഗോപാല നാമം ഉച്ചരിക്കും. ശിവന്‍ ശൂലപാണിയായി വാഴുന്ന തിരുമല ക്ഷേത്രത്തില്‍ നിന്നാണ് ശിവാലയ ദര്‍ശനം ആരംഭിക്കുക. താമ്രപര്‍ണിയുടെ തീരത്ത് തിക്കുറിശ്ശിയിലെ ശിവന്‍ ഉഗ്രമൂര്‍ത്തിയാണ്. കോതയാറിനു കിഴക്കായി സ്ഥിതി ചെയ്യുന്ന തൃപ്പരപ്പാണ് അടുത്തത്. വീരഭദ്രനാണ് ഇവിടെ പ്രതിഷ്ഠ. കേരളീയശൈലിയില്‍ ക്ഷേത്രം നിര്‍മിച്ചിട്ടുള്ള തിരുനന്തിക്കരയില്‍ പ്രതിഷ്ഠ നന്ദികേശ്വരന്‍. ഇവിടെ ഗുഹാക്ഷേത്രങ്ങളും ശിലാശാസനങ്ങളും കാണാം. തീച്ചിലാധീശ്വരന്‍ വാഴുന്ന പൊന്മനയില്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തെ ദര്‍പ്പക്കുളവും പ്രസിദ്ധം. വേളിമലയുടെ താഴ്‌വാരത്തിലാണ് പന്നിപ്പാകം. പ്രതിഷ്ഠ കിരാതമൂര്‍ത്തി. പാശുപതാസ്ത്രം നേടാനുള്ള അര്‍ജുനന്റെ തപസിനിടയില്‍ ശിവന്‍ വേട്ട നടത്തിയപ്പോള്‍ പന്നി അമ്പേറ്റു വീണതിവിടെയെന്ന് ഐതിഹ്യം.
ശുചീന്ദ്രം ക്ഷേത്രത്തിന്റെ മാതൃകയിലുള്ള കല്‍ക്കുളത്ത് ശ്രീനീലകണ്ഠനാണ് പ്രതിഷ്ഠ. ശിവപാര്‍വതി പ്രതിഷ്ഠയുള്ള ഏക ശിവാലയക്ഷേത്രമെന്ന ഖ്യാതി വേറെ. വേളിമല കുമാരകോവിലിനു സമീപം വയലേലകള്‍ക്കു നടുവില്‍ പാറകള്‍ക്കു മുകളില്‍ കാലകാലന്‍ വാണരുളുന്ന മേലാങ്കോട് ക്ഷേത്രം. തിരുവിടയ്‌ക്കോട് ക്ഷേത്രത്തില്‍ ജടയപ്പരും തിരുവിതാംകോട് പരിതിപാണിയും തൃപ്പന്നിയോട് ഭക്തവത്സലനുമാണ് ശിവന്‍. തിരുനട്ടാലത്താണ് ശിവാലയ ഓട്ടത്തിന്റെ സമാപനം. അര്‍ധനാരീശ്വരനാണ് പ്രതിഷ്ഠ. ഇവിടെ ചന്ദനമാണ് പ്രസാദം. മറ്റു 11 ക്ഷേത്രങ്ങളിലും പ്രസാദമായി നല്‍കുന്നത് ഭസ്മവും.
ശിവാലയം ഓട്ടത്തിന്റെ ഉത്ഭവത്തിനു മഹാഭാരത സ്പര്‍ശമുണ്ടെന്നാണ് ഐതിഹ്യം. കുരുക്ഷേത്രയുദ്ധത്തിനു ശേഷം വ്യാസമഹര്‍ഷിയുടെ ഉപദേശപ്രകാരം പാണ്ഡവന്മാര്‍ രാജസൂയം നടത്താന്‍ തീരുമാനിച്ചു. ശിവഭക്തനായ വ്യാഘ്രപാദമഹര്‍ഷിയൊഴികെ മറ്റെല്ലാ ഋഷിവര്യന്മാരും പങ്കെടുത്തു. മഹര്‍ഷിയെ കൂട്ടിക്കൊണ്ടുവരാനായി ശ്രീകൃഷ്ണഭഗവാന്‍ ഭീമസേനനെ നിയോഗിച്ചു. ശ്രീശൈലത്തിനു സമീപം യോഗനിദ്രയിലാണ്ടിരുന്ന മഹര്‍ഷിയെ ഉണര്‍ത്താന്‍ മഹാബലവാനായ ഭീമസേനന്‍ കഠിനമായി പരിശ്രമിച്ചു. ആര്‍ത്തട്ടഹസിച്ച ഭീമനു ചുറ്റും അഗ്നിവലയങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം തിരികെ ശ്രീകൃഷ്ണന്റെയടുക്കലെത്തി. അഗ്നിഭയമന്ത്രം ഉപദേശിച്ച് 12 രുദ്രാക്ഷങ്ങളും നല്‍കി ഭഗവാന്‍ ഭീമസേനനെ തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ പറഞ്ഞയച്ചു.
പാഞ്ഞുചെന്ന ഭീമനെ മഹര്‍ഷി പിടികൂടിയെങ്കിലും രുദ്രാക്ഷം ഭൂമിയിലിട്ട് രക്ഷപ്പെട്ടു. രുദ്രാക്ഷം ഭൂമിയില്‍ പതിച്ചപ്പോള്‍ അവിടം പിളര്‍ന്ന് ശിവലിംഗം പ്രത്യക്ഷമായി. മഹര്‍ഷി ശിവപൂജയും ആരംഭിച്ചു. അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോള്‍ ഗോവിന്ദ, ഗോപാല എന്നുച്ചരിച്ച് ഭീമന്‍ ഓടുന്നതു കണ്ടു. ശിവന്റേതൊഴികെ ഏതു ഈശ്വരനാമവും ശ്രവിച്ചാല്‍ രോഷാകുലനാകുന്ന മഹര്‍ഷി പിറകെ പാഞ്ഞു. മഹര്‍ഷി അടുത്തെത്താറാകുമ്പോള്‍ ഭീമന്‍ രുദ്രാക്ഷം നിലത്ത് നിക്ഷേപിക്കും. അങ്ങനെ 12 രുദ്രാക്ഷങ്ങളും സ്വരക്ഷയ്ക്കായി ഭീമന്‍ നിലത്തുപേക്ഷിച്ചു. ശിവാലയ ഓട്ടത്തിലുള്ള ശിവക്ഷേത്രങ്ങളുടെ പിറവിയും ഈ രുദ്രാക്ഷങ്ങള്‍ നിക്ഷേപിച്ചയിടങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.തിങ്കളാഴ്ചയാണ് മഹാ ശിവരാത്രി. നാളെ വൈകുന്നേരത്തോടെ ഭക്തര്‍ ശിവാലയ ദര്‍ശനത്തിന് പുറപ്പെടും. ഇപ്പോള്‍ കൂടുതല്‍ പേരും വാഹനങ്ങളിലാണ് ശിവാലയ ദര്‍ശനത്തിനെത്തുക.