മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനം തന്റെ തോന്നലായിരുന്നുവെന്ന് മുഖ്യമന്ത്രി

EKM-PINARAIതിരുവനന്തപുരം: ചില ചാനലുകള്‍ വാടകയ്ക്ക് എടുത്തവരാണ് കരിങ്കൊടി പ്രതിഷേധത്തിന് വന്നതെന്ന പ്രസ്താവന തന്റെ തോന്നലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താന്‍ ഒരു കാലത്തും മാധ്യമങ്ങളെ അപമാനിച്ചിട്ടില്ല. വാടക പ്രതിഷേധക്കാര്‍ എന്ന് താന്‍ പരാമര്‍ശിച്ചത് തന്റെ മുന്‍കാല അനുഭവങ്ങളില്‍ നിന്നാണ്. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഇത്തരം കാര്യങ്ങള്‍ മുന്‍പ് ചെയ്തിട്ടുണ്ടെന്നും തനിക്ക് ഇക്കാര്യങ്ങള്‍ അറിയാവുന്നതു കൊണ്ടാണ് അങ്ങനെ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ സ്വാശ്രയ കരാര്‍ മാനേജ്‌മെന്റുകള്‍ക്ക് ഇഷ്ടംപോലെ കോഴവാങ്ങാനുള്ള അവസരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പുതിയ കരാര്‍ പ്രകാരം കുറഞ്ഞ ഫീസില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയും. സീറ്റിന്റെ എണ്ണം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാനേജ്‌മെന്റുകള്‍ക്ക് തോന്നിയപോലെ ഫീസ് വാങ്ങാന്‍ ഒത്താശ ചെയ്തിരുന്നു. ഇത് ഒഴിവായതിനാലാണോ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സമരത്തിന് ഇറങ്ങിയതെന്നും ഇവര്‍ ആര്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കരാര്‍ പ്രകാരം ഫീസിന് പുറമേ ഒരു പൈസ പോലും അധികം വാങ്ങാന്‍ കഴിയില്ലെന്ന സ്ഥിതിയായി. പല പേരുകളില്‍ കോഴ വാങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. കരാര്‍ പാലിക്കാത്ത കോളജുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. സ്വാശ്രയ കരാറില്‍ സര്‍ക്കാരിന് അഭിമാനമാണെന്നും ഒരുനിലയ്ക്കും കരാറില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാശ്രയ പ്രശ്‌നത്തിലെ യുഡിഎഫ് സമരം പൊതുസമൂഹം അംഗീകരിക്കുന്നില്ല. സമൂഹത്തിന്റെ അംഗീകാരമില്ലാത്ത സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവും അദ്ദേഹം തള്ളി. പോലീസ് ഒരു തരത്തിലും സമരക്കാര്‍ക്കെതിരേ ആക്രമണം നടത്തിയിട്ടില്ല. സമരപന്തലില്‍ കയറി തല്ലിയെന്ന വാദങ്ങള്‍ എല്ലാം തെറ്റാണ്. സമരക്കാരുടെ മര്‍ദ്ദനമേറ്റ് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുന്ന സ്ഥിയാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം അടിയന്തരപ്രമേയം വരാതിരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയിട്ടും പ്രതിപക്ഷം സഭ തടസപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ പരിഹാസ്യമാണ്. ഹര്‍ത്താലിനെതിരേ നിയമസഭയില്‍ ബില്ലുകൊണ്ടുവരാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയാറാണ്. സമരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അതു തുടങ്ങിയവര്‍ കൂടി ചിന്തിക്കണം. സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം സമരം അവസാനിക്കില്ല. മഹാന്മാര്‍ ഒരുപാട് പേര്‍ ഇരുന്ന കസേരയാണ് മുഖ്യമന്ത്രിയുടേതെന്ന് തനിക്ക് അറിയാമെന്നും തനിക്ക് മറ്റൊരാളാകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടിയായി പറഞ്ഞു.

Related posts