വരാപ്പുഴ: വരാപ്പുഴ മാര്‍ക്കറ്റിലെ വര്‍ധിച്ചു വരുന്ന മാലിന്യകൂമ്പാരം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. പരിസരവാസികള്‍ മാത്രമല്ല മാര്‍ക്കറ്റിനുള്ളിലേക്ക് സാധനങ്ങള്‍ മറ്റും വാങ്ങാന്‍ വരുന്ന ജനങ്ങളും ഈ മാലിന്യകൂമ്പാരം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്ക് റോഡിലൂടെ നടന്നു പോകാന്‍ സാധിക്കുന്നില്ല. ഈ മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ തെരുവു നായ്ക്കള്‍ കൂട്ടമായെത്തുന്നതും ഭീഷണിയാണ്. മാര്‍ക്കറ്റില്‍ വരുന്ന ജനങ്ങളെ ഈ തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്.
രാത്രിയില്‍ തെരുവുനായ്ക്കള്‍ മാലിന്യം പല വീട്ടുവളപ്പിലും കൊണ്ടിടുന്നതും പതവാണ്. പലതവണ ആവശ്യപ്പെട്ടിട്ടും മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യാത്തതില്‍ തൊഴിലാളികളും സാധനം വാങ്ങാനെത്തുന്നവരും കടുത്ത അമര്‍ഷമുണ്ട്. മഴ പെയ്തു തുടങ്ങിയതോടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ സ്ഥിതി കൂടുതല്‍ വഷളായി ഈ അവശിഷ്ടങ്ങളില്‍ പലതും സമീപ പ്രദേശങ്ങളിലെ കിണറുകളിലും വീട്ടുവളപ്പിലും സമീപത്തെ പുഴയിലും എത്തിച്ചേരുന്നത് മൂലം മലേറിയ, മഞ്ഞപ്പിത്തം എന്നീ ഗുരുതരമായ പല സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്.
മാര്‍ക്കറ്റിന്റെ സമീപത്തെ കാനകളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നത് മൂലം മഴ പെയ്തപ്പോള്‍ വെള്ളത്തോടൊപ്പം ഈ മാലിന്യങ്ങളും റോഡില്‍ ഒഴുകി നടക്കുകയാണ്. വരാപ്പുഴ പഞ്ചായത്തും കൊച്ചി കോര്‍പറേഷനും സംയുക്തമായി ചേര്‍ന്ന് മാലിന്യ-നിര്‍മാര്‍ജന പ്ലാന്റ് നിര്‍മിക്കുന്നതിനായി 35 ലക്ഷം രൂപ ചെലവഴിച്ച് ഒരു സ്വകാര്യ വ്യക്തിക്ക് ടെന്‍ഡര്‍ പാസാക്കി നല്‍കിയെങ്കിലും അത് പ്രാബല്യത്തിലാക്കാന്‍ കഴിഞ്ഞില്ല. ഈ മാലിന്യക്കൂമ്പാരം എത്രയും വേഗം നീക്കാനുള്ള നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ കടുത്ത സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ അറിയിച്ചു.