നാദാപുരം: ഗ്രാമപഞ്ചായത്ത് മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള യുവാക്കള്‍ അഖിലേന്ത്യാ പണിമുടക്ക് ദിവസം നാദാപുരം ബസ് സ്റ്റാന്‍ഡ് ശുചീകരണത്തിനിറങ്ങി. പാലാഞ്ചോല മാലിന്യപ്ലാന്റിനെതിരെ പരിസരവാസികള്‍ മാസങ്ങളായി നടത്തി വരുന്ന സമരത്തെ തുടര്‍ന്ന് നാദാപുരം കല്ലാച്ചി ടൗണുകളില്‍ മാലിന്യം കെട്ടികിടക്കുകയാണ്. ടൗണിലൂടെ കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയായിരുന്നു.
ഇതിനിടയില്‍ മഴകൂടി പെയ്തതോടെ മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകയും തുടങ്ങി.യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പോലെ ദുരിതത്തിലായതോടെ സാമൂഹ്യ പ്രവര്‍ത്തകനായ എരോത്ത് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നാദാപുരത്തെ ഒരു കൂട്ടം യുവാക്കള്‍ ഇന്നലെ മാലിന്യം നീക്കാനായി രംഗത്തുവരികയായിരുന്നു. ഇവര്‍ക്ക് പിന്തുണയായാണ് സമരസമിതി പ്രവര്‍ത്തകരും ബസ് സ്റ്റാന്‍ഡിലെ മാലിന്യങ്ങള്‍ നീക്കാന്‍ മുന്നിട്ടിറങ്ങിയത്. ഹര്‍ത്താല്‍ ദിനത്തില്‍ വൈകുന്നേരം നാലുമണിയോടെ 25 ഓളം യുവാക്കളാണ് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി സൂക്ഷിച്ചുവച്ചത്.
മാലിന്യങ്ങള്‍ അടുത്ത ദിവസം പഞ്ചായത്തുതന്നെ എടുത്തുമാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സമീറ ഷൗക്കത്തിന് ഉറപ്പുനല്‍കിയതായി പറയുന്നു. പഞ്ചായത്ത് മാറ്റിയില്ലെങ്കില്‍ യുവാക്കളുടെ കൂട്ടായ്മ തന്നെ ഇത് കൊണ്ടുപോകും. വരും ദിവസങ്ങളില്‍ പഞ്ചായത്ത് ഇടപെട്ട് മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഈ കൂട്ടായ്മ മറ്റിടങ്ങളിലെ മാലിന്യങ്ങളും നീക്കംചെയ്യാന്‍ തയ്യാറാണെന്നും പറയുന്നു. ടൗണിലെ മാലിന്യങ്ങള്‍ ചീഞ്ഞളിയാന്‍ തുടങ്ങിയത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഡോ. അബൂബക്കര്‍, ഇ.വി.ബഷീര്‍, സമര സമിതി പ്രവര്‍ത്തകനായ മുഹ്‌സിന്‍ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.