മാഹി: പുതുച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കീഴില്‍ മാഹിയില്‍ സര്‍വീസ് നടത്തുന്ന പിആര്‍ടിസി ബസുകള്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. മാഹി-പന്തക്കല്‍, മാഹി-തലശേരി റൂട്ടുകളില്‍ നാലു ബസുകളാണ് സര്‍വീസ് നടത്തുന്നത്. മാഹി-പുതുച്ചേരി റൂട്ടില്‍ ഒരു ബസും ഉണ്ട്. നാല് ടൗണ്‍ ബസുകളിലാണ് വേണ്ടത്ര ജീവനക്കാരില്ലാത്തത്.
ഒരു ബസ് സര്‍വീസ് നടത്താന്‍ രണ്ടര ജീവനക്കാര്‍ എന്ന നിലയില്‍ പത്ത് ഡ്രൈവറും പത്ത് കണ്ടക്ടറും ആവശ്യമുള്ളപ്പോള്‍ ഏഴ് ഡ്രൈവറും ഒന്‍പത് കണ്ടക്ടറുമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം ഒരു ഡ്രൈവര്‍കൂടി വിരമിച്ചതോടെ ആറ് ഡ്രൈവര്‍ ഉള്ള അവസ്ഥയിലാണ് ഒരു ബസ് സര്‍വീസ് നടത്താതെ കട്ടപ്പുറത്തായത്. ഇതോടെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായിരിക്കുന്നത്.
ഓടാത്ത ബസുകള്‍ സെമിത്തേരി റോഡില്‍ പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്ന വിധത്തിലാണ്. ദേശീയപാതയില്‍ ഗതാഗതകുരുക്ക് ഉണ്ടാകുമ്പോള്‍ സെമിത്തേരി റോഡ് വഴിയാണ് വലിയ വാഹനങ്ങള്‍ പോലീസ് കടത്തിവിടുന്നത്. രാവിലെ മാഹിയില്‍ എത്തുന്ന പുതുച്ചേരി-മാഹി ബസും ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്. സെമിത്തേരി റോഡില്‍ ഈ ബസുകള്‍ നിര്‍ത്തിയിടുന്നത് കാല്‍നടയായി പോകുന്നവര്‍ക്കും അപകടഭീഷണിയുണ്ടാകുന്ന വിധത്തിലാണ്.
പിആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ രാത്രി സിവില്‍സ്റ്റേഷന്‍ അങ്കണത്തിലാണ് ടൗണ്‍ ബസുകള്‍ നിര്‍ത്തിയിടുന്നത്. ഒരു മെക്കാനിക്കും സൂപ്പര്‍വൈസറും അടങ്ങുന്ന സ്റ്റാഫുകള്‍ സിവില്‍ സ്റ്റേഷനിലെ ഇടുങ്ങിയ മുറിയിലാണ് കഴിയുന്നത്. വര്‍ക്ക്‌ഷോപ്പ് ഇല്ലാത്തതിനാല്‍ കേടുവരുന്ന ബസുകള്‍ തലശേരിയിലും വടകരയിലും സ്വകാര്യ വര്‍ക്ക് ഷോപ്പുകളെയാണ് ആശ്രയിക്കുന്നത്. ദിവസങ്ങളോളം വര്‍ക്ക്‌ഷോപ്പില്‍ ബസുകള്‍ ഇടുന്നതും മാഹി-പന്തക്കല്‍ റൂട്ടില്‍ യാത്രാക്ലേശം നേരിടുന്നുണ്ട്.