മുംബൈക്കു രണ്ടാം ജയം

sp-mumbaiമുംബൈ: കരുത്താരായ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ജയമാഘോഷിച്ചു. സ്‌കോര്‍: ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- 20 ഓവറില്‍ ഏഴിന് 170. മുംബൈ ഓവറില്‍ 18 ഓവറില്‍ നാലിന് 171.

44 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സുമടക്കം 62 റണ്‍സ് നേടിയ രോഹിത് ശര്‍മ ടോപ് സ്‌കോററായി. റായുഡു 23 പന്തില്‍ 31 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ജയിംസ് ബട്‌ലറും കെയ്‌റോണ്‍ പൊളാര്‍ഡും നടത്തിയ കടന്നാക്രമണമാണ് മുംബൈക്കു വിജയം സമ്മാനിച്ചത്. ബട്‌ലര്‍ 18 പന്തില്‍ 28 റണ്‍സ് നേടിയപ്പോള്‍ പൊളാര്‍ഡ് 19 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സറുമടക്കം 40 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിംഗിനിറങ്ങി. ക്രിസ് ഗെയ്‌ലിനു പകരം കെ.എല്‍. രാഹുലാണ് വിരാട് കോഹ്്‌ലിക്കൊപ്പം ഇറങ്ങിയത്. മികച്ച തുടക്കമാണ് ഇരുവരും ബാംഗളൂരിനു നല്‍കിയത്. കോഹ്്‌ലി ഒരറ്റത്ത് നങ്കൂരമിടാന്‍ നോക്കിയപ്പോള്‍ രാഹുല്‍ കടന്നാക്രമിച്ചു. 14 പന്തില്‍ രണ്ടു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ച രാഹുലിനെ മക്്ക്ലനേഗന്‍ ഹര്‍ഭജന്‍ സിംഗിന്റെ കൈകളിലെത്തിച്ചു. 3.5 ഓവറില്‍ 32 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചപ്പോഴാണ് രാഹുല്‍ പുറത്താകുന്നത്. പിന്നീടെത്തിയ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ എബി ഡിവില്യേഴ്‌സുമായി ചേര്‍ന്ന് കോഹ്്‌ലി തകര്‍ത്തു കളിച്ചു. എന്നാല്‍, തുടരെത്തുടരെ കോഹ്്‌ലിയെയും(33) ഡിവില്യേഴ്‌സിനെയും(29) നഷ്ടപ്പെട്ടതോടെ ബാംഗളൂര്‍ തളര്‍ന്നു. ഇരുവരെയും ഹര്‍ദിക് പാണ്ഡ്യയാണു പുറത്താക്കിയത്. ഷെയ്ന്‍ വാട്‌സണ് അഞ്ചു റണ്‍സിന്റെ ആയുസേ ഉണ്ടായുള്ളൂ. ബുംറയാണ് വാട്‌സന്റെ അന്തകനായത്.

അഞ്ചാം വിക്കറ്റില്‍ ട്രാവിസ് ഹെഡും സര്‍ഫ്രാസ് ഖാനും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ബാംഗളൂരിനെ മികച്ച സ്‌കോറിലെത്തിച്ചത്.ട്രാവിസ് ഹെഡ് 24 പന്തില്‍ 37 റണ്‍സെടുത്ത് ടോപ് സ്‌കോററായി. സര്‍ഫ്രാസ് 28 റണ്‍സെടുത്തു. മുംബൈക്കു വേണ്ടി ബുംറ മൂന്നു വിക്കറ്റ് നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആറു റണ്‍സുള്ളപ്പോള്‍ പാര്‍ഥിവ് പട്ടേലിനെ അവര്‍ക്കു നഷ്ടമായി. എന്നാല്‍, മൂന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും അമ്പാട്ടി റായുഡുവും ചേര്‍ന്നു മുംബൈയെ കരകയറ്റി.

Related posts