മുങ്ങിമരിച്ച അഞ്ചു കുട്ടികള്‍ക്ക് ഓര്‍മപ്പൂക്കളര്‍പ്പിച്ച് തുടക്കം

knr-ormaപയ്യാവൂര്‍: ചമതച്ചാല്‍ പുഴയില്‍ മുങ്ങിമരിച്ച അഞ്ചു കുട്ടികള്‍ക്ക് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ടിലും സെന്റ് ആന്‍സിലും പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം. കളിചിരികള്‍ മുഴങ്ങേണ്ട രണ്ടു സ്കൂളുകളിലും ദുഃഖസാന്ദ്രമായ അന്തരീക്ഷമായിരുന്നു. മരിച്ച അഖില്‍, ആയല്‍, മാനിക് എന്നിവര്‍ പഠിച്ചിരുന്ന സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി കളഭം ചാര്‍ത്തിയാണ് നവാഗതരെ വരവേറ്റത്. തുടര്‍ന്ന് അനുസ്മരണയോഗം നടന്നു. അധ്യാപകരും സഹപാഠികളും മൂവരെയും അനുസ്മരിച്ചു.

മാനേജര്‍ ഫാ. സജി പുത്തന്‍പുരയ്ക്കല്‍, തിരൂര്‍ ദേവാലയ വികാരി ഫാ. ബേബി പാട്ടിയാല്‍, പിടിഎ പ്രസിഡന്റ് സജി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മരിച്ച കുട്ടികളുടെ ഓര്‍മയ്ക്കായി സ്കൂള്‍ മുറ്റത്ത് മൂന്ന് വൃക്ഷതൈകള്‍ നട്ടു. താത്കാലിക സ്മൃതി മണ്ഡപം മുറ്റത്ത് ഒരുക്കിയിരുന്നു. സ്ഥിരമായ സ്മൃതി മണ്ഡപം പിന്നീട് നിര്‍മിക്കും. മരിച്ച ഒരിജ, സെഫാന്‍ എന്നിവര്‍ പഠിച്ചിരുന്ന സെന്റ് ആന്‍സ് സ്കൂളില്‍ അകാലത്തില്‍ വേര്‍പ്പെട്ടുപോയവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു അധ്യയനവര്‍ഷത്തിനു തുടക്കം.

പ്രവേശനോത്സവ ചടങ്ങുകള്‍ ഒഴിവാക്കി. നവാഗതര്‍ക്ക് കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെല്‍ബി, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ സെറില്ല, അധ്യാപകരായ ജിന്റോ പാലക്കത്തടം, ഷിജുമോന്‍ എന്നിവരും സഹപാഠികളും സംസാരിച്ചു. തിങ്കളാഴ്ചയും സ്കൂളില്‍ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നുണ്ട്.

Related posts