കണ്ണു ചുവന്നിട്ടില്ലനല്ല തിളക്കവും, ചുരുക്കത്തില്‍ പറഞ്ഞാല്‍ കാഴ്ചയില്‍ നല്ല ഫ്രഷ് ഫീലിംഗ് ! ചന്തയില്‍ നിന്നു ചൂര വാങ്ങിയ വീട്ടമ്മയ്ക്കു കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ…

തിരുവനന്തപുരം: കണ്ണിന് ലേശംപോലും ചുവപ്പില്ല, പിന്നെ തൊലിയാണെങ്കില്‍ പളപളാ മിന്നുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ മീനിനെ വല്ലാതങ്ങു പിടിച്ചു പോയി… ഫ്രഷ് മീനാണെന്ന് ആരോ ഉള്ളിലിരുന്ന് പറയുമ്പോലെ.

പിന്നെ ഒന്നും ആലോചിച്ചില്ല. പറഞ്ഞ വില കൊടുത്ത് മീനിനെ അങ്ങു വാങ്ങിച്ചു. എന്നിരുന്നാലും ഒന്നൂടെ ഉറപ്പിക്കണമല്ലോ… കവറിലിടും മുമ്പ് തലഭാഗം ഒന്നു പൊളിച്ചു നോക്കി ഫ്രഷ് ആണെന്ന് ഉറപ്പിച്ചു.

പക്ഷെ വൈകിട്ട് മീന്‍ മുറിച്ചപ്പോഴാണ് പണി പാലുംവെള്ളത്തില്‍ കിട്ടിയ കാര്യം മനസ്സിലായത്. മീന്‍ കഷണങ്ങളില്‍ കിടന്ന് നുളയ്ക്കുന്നു നല്ല സുന്ദരന്‍ പുഴുക്കള്‍ ചന്തയില്‍ നിന്നു ചൂര വാങ്ങി പണികിട്ടിയ കഴക്കൂട്ടം അമ്പലത്തിന്‍കര സ്വദേശിനിയുടെ അനുഭവമാണിത്.

കഴിഞ്ഞ ആറിന് രാവിലെ വാങ്ങിയ മീന്‍ ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം വൈകിട്ട് പാചകം ചെയ്യാനായി പുറത്തെടുത്തപ്പോഴാണ് പണി പാളിയ വിവരം മനസിലായത്. കഷണങ്ങളാക്കി ു പാത്രത്തിലാക്കിയ മീനിലേക്ക് ഉപ്പും മുളകുപൊടിയും തട്ടിയപ്പോഴാണ് പുഴുക്കുട്ടന്മാര്‍ പുറത്തുവന്നത്.

പാത്രത്തില്‍ പുഴു വീണോ എന്നാണ് ആദ്യം സംശയിച്ചത്. പിന്നീട് പരിശോധിച്ചപ്പോള്‍ മൂന്നിലേറെ കഷണങ്ങളില്‍ പുഴു. വിവരം മേയറുടെ ഓഫിസില്‍ അറിയിച്ചു. അദ്ദേഹം ഇടപ്പെട്ട് അടുത്തദിവസം പരിശോധനയും നടത്തി. പക്ഷേ, അന്നു പഴകിയ മീന്‍ കണ്ടെത്താനായില്ല. മീനില്‍ പുഴു നുളയുന്ന വിഡിയോ നവമാധ്യമങ്ങളിലും വൈറലായി. നാലു ദിവസത്തിനിടെ അരലക്ഷം പേരാണ് ഇതു കണ്ടത്.

പ്രധാനചന്തകളില്‍ മാത്രമാണ് പരിശോധന നടക്കുന്നത്. ശ്രീകാര്യം ചന്തയില്‍ നിന്നുള്ള മത്സ്യസാമ്പിളുകള്‍ ലാബിലേക്കയച്ചിരിക്കുകയാണ്. ശ്രീകാര്യം സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കു നല്‍കിയ പരാതിയിന്മേലായിരുന്നു പരിശോധന.

ചില മാര്‍ക്കറ്റുകളിലെ ചൂരയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്നായിരുന്നു പ്രധാന ആക്ഷേപം. മായം കണ്ടെത്തുന്നതിനും പഴകിയ മീനുകള്‍ പിടിച്ചെടുക്കാനും സംസ്ഥാനത്തെ എല്ലാ ചന്തകളിലും ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ചേര്‍ന്നു ഫിഷറീസ് വകുപ്പു പരിശോധന നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നഗരപരിധിയിലെ നാമമാത്രമായ പ്രധാന ചന്തകളില്‍ മാത്രമേ പരിശോധന നടന്നുള്ളൂ എന്നതാണ് വസ്തുത.

Related posts