വടക്കഞ്ചേരി: മുടപ്പല്ലൂരില്‍നിന്നും മംഗലംഡാമിലേക്കുള്ള വാഹനയാത്ര ഈ മഴക്കാലത്തും ദുര്‍ഘടക—മാകും. മുടങ്ങിക്കിടക്കുന്ന റോഡുവികസന പ്രവൃത്തികള്‍ ഇനി മഴക്കാലം കഴിഞ്ഞേ ആരംഭിക്കൂ. അതിനുമുമ്പ് റീ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് ഇനി 25 ദിവസം മാത്രമാണ് ബാക്കിയുള്ളത്. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലിലൂടെ ടെണ്ടര്‍ കമ്മിറ്റിയുടെ അംഗീകാരം കിട്ടിയാലേ അടുത്ത ഒക്ടോബറിലെങ്കിലും ശേഷിച്ചിട്ടുള്ള ടാറിംഗ് പണികള്‍ നടത്താന്‍ കഴിയൂ.
2008-ലെ അഞ്ചുകോടി എസ്റ്റിമേറ്റില്‍ ആരംഭിച്ച റോഡുവികസന പണികള്‍ എട്ടുവര്‍ഷത്തിനിടെ പലതവണ മുടങ്ങി. പത്തുകിലോമീറ്റര്‍ വരുന്ന ഈ റോഡിനു തന്നെ ആറു ടെണ്ടറുകള്‍ നടത്തേണ്ടിവന്നു. ഓരോ കരാര്‍ കമ്പനിയും പണി നടത്താനാകാതെ ഉപേക്ഷിച്ചു പോകുകയായിരുന്നു. പുതിയ ആറുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാല്‍ മാത്രമേ നല്ലരീതിയില്‍ ടാറിംഗ് പൂര്‍ത്തിയാക്കാനാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എട്ടുവര്‍ഷത്തിനിടെ പിഡബ്ല്യുഡിയുടെ നിര്‍മാണ നിരക്കുകളില്‍ ഏഴുതവണ മാറ്റം വരുത്തിയിട്ടുള്ള സാഹചര്യത്തില്‍ 2008-ലെ പഴയ എസ്റ്റിമേറ്റില്‍ പണികള്‍ നടത്താന്‍ ആരും തയാറാകില്ല.
പുതിയ എംഎല്‍എ ഇക്കാര്യത്തില്‍ താത്പര്യം കാണിച്ചില്ലെങ്കില്‍ പുതിയ ടെണ്ടര്‍ കാലാവധി കഴിയും. പിന്നെ വീണ്ടും റീ ടെണ്ടര്‍ വേണ്ടിവരും. ഇതെല്ലാം റോഡ് വികസനമാണ് വൈകിപ്പിക്കുക. ഡാമില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ റോഡില്‍ രൂപപ്പെടുന്ന വലിയ കുഴികള്‍ അടച്ചു വാഹനഗതാഗതം തടസപ്പെടാതെ മുന്നോട്ടുപോകുന്നത്. പുതിയ ടെണ്ടര്‍ നടപടികളായതിനാല്‍ രണ്ടുമാസമായി അറ്റകുറ്റപ്പണികളും നടക്കുന്നില്ല.