പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിക്കു സ്ഥലം വിട്ടു കൊടുത്തവർക്ക് സർക്കാർ മുതുകാട്ടിൽ പകരം നൽകിയ ഭൂമിയുടെ മേൽ വനം വകുപ്പ് ഉന്നയിക്കുന്ന അവകാശം സംബന്ധിച്ച് നാളെ കളക്ടറേറ്റിൽ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ മുതുകാട്ടിൽ ചേർന്ന കർഷകരുടെയും ഭൂവുടമകളുടേയും കൺവൻഷൻ തീരുമാനിച്ചു.
സർക്കാർ നൽകിയ കൃത്യമായ രേഖകളോടെ കഴിഞ്ഞ 50 വർഷമായി താമസിക്കുന്ന കുടുംബങ്ങൾക്ക് ജീവിക്കാൻ വനംവകുപ്പിന്റെ അനുമതി വേണമെങ്കിൽ അവരുടെ ഓഫീസ് പെരുവണ്ണാമൂഴിയിൽ വേണമോയെന്നു കർഷകരും തീരുമാനിക്കും. കോഴിക്കോട് ഡിഎഫ്ഒ മാന്യത പുലർത്തണം. കർഷകരെ സഹായിക്കുന്ന നിലപാടു സ്വീകരിച്ച ജില്ലാ കളക്ടറുമായി കൊമ്പുകോർത്ത് മലയോര കർഷകരെയും കുടുംബങ്ങളെയും ദ്രോഹിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഡിഎഫ്ഒ നേരിടേണ്ടി വരുമെന്നു കൺവൻഷൻ മുന്നറിയിപ്പു നൽകി.
താമരശേരി രൂപതാ ചാൻസലർ ഫാ. ബെന്നി മുണ്ടനാട്ട് ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ ജനതയ്ക്കു നേരെ ഉയരുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നിന്നു പ്രതിരോധിക്കണമെന്നു അദ്ദേഹം പറഞ്ഞു. മുതുകാട് കർഷക സമരത്തിനു താമരശേരി രൂപതയുടെ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു.സംയുക്ത കർഷക സംഘടന ചെയർമാൻ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു.
മൂന്നിനു കോഴിക്കോട്ടെ ചർച്ച പരാജയപ്പെട്ടാൽ പിറ്റേന്നു മുതൽ പെരുവണ്ണാമൂഴി വനം ഓഫീസിൽ വൻ സമരത്തിനു തുടക്കം കുറിക്കുമെന്നും പിന്നീട് ഒരു ചർച്ചയ്ക്കും ഒരു കർഷകനും മേലാളൻമാർ വിളിക്കുന്നിടത്തേക്കു പോകുന്ന പ്രശ്നമില്ലെന്നും ജിതേഷ് പ്രഖ്യാപിച്ചു. മുതുകാട് പള്ളി വികാരി ഫാ. ജോസഫ് പൂതക്കുഴി, പ്രഫ. ചാക്കോ കാളാംപറമ്പിൽ, ജോയി കണ്ണംചിറ, ബേബി കാപ്പുകാട്ടിൽ, ബാബു പുതുപ്പറമ്പിൽ, വിനീത് പരുത്തിപ്പാറ, ഷൈല ജയിംസ്, ഷീന റോബിൻ, സെമിലി സുനിൽ, ജോർജ് കുംബ്ലാനി, ജീജോ വട്ടോത്ത്, രാജേഷ് തറവട്ടത്ത്, ബെന്നി കുറുമുട്ടം, രാജൻ വർക്കി എന്നിവർ പ്രസംഗിച്ചു.