കണ്ണൂര്‍: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പു ചിഹ്നമെന്ന ഖ്യാതിയില്‍ ധാന്യക്കതിരും അരിവാളും. ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയായി സിപിഐയും ഇതിലൂടെ ചരിത്രത്തിലിടം നേടുകയാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ തെരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ മാറ്റുകയും മറ്റു ചിലതു പിളര്‍പ്പിനെത്തുടര്‍ന്നു വ്യത്യസ്ത ചിഹ്നങ്ങള്‍ സ്വീകരിക്കുകയും ചെയ്തപ്പോഴും സിപിഐയെ മാത്രം ഇക്കാര്യം ബാധിച്ചില്ല. ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ) സ്വീകരിച്ച ധാന്യക്കതിരും അരിവാളും ചിഹ്നം ഇപ്പോഴും തുടരുന്നു. (ഉത്തരേന്ത്യയില്‍ പ്രചാരണ വേദികളില്‍ ചിഹ്നത്തെ അരിവാളും ഗോതമ്പും, അരിവാളും ചോളവും എന്നിങ്ങനെ പ്രാദേശികമായി കൃഷിയുടെ പേരില്‍ വ്യത്യസ്തമാക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അരിവാളും നെല്‍ക്കതിരും എന്നാണു വിശേഷണം.) 1964ല്‍ സിപിഐ പിളര്‍ന്നു സിപിഎം രൂപീകരിച്ചെങ്കിലും ധാന്യക്കതിരും അരിവാളും സിപിഐക്കുതന്നെ ലഭിച്ചു.
സിപിഎം തങ്ങളുടെ തെരഞ്ഞെടുപ്പു ചിഹ്നമായി അരിവാളും ചുറ്റികയും നക്ഷത്രവും നേടിയെടുത്തു. പിളര്‍പ്പിനെ തുടര്‍ന്നു സിപിഎം ചേരിയില്‍ നിലയുറപ്പിച്ച എകെജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആദ്യം മത്സരിച്ചു കയറിയതു ധാന്യക്കതിരും അരിവാളും ചിഹ്നത്തിലായിരുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് മൂന്നു തവണയാണു ചിഹ്നം മാറ്റിയത്. നഹ്‌റു മുതല്‍ ശാസ്ത്രി വരെയുള്ളവരുടെ കാലത്തു നുകം വച്ച രണ്ടു കാളകളായിരുന്നു തെരഞ്ഞെടുപ്പു ചിഹ്നം. പാര്‍ട്ടിയിലെ ഭിന്നതയെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി കോണ്‍ഗ്രസ്-ഐ രൂപീകരിച്ചപ്പോള്‍ ചിഹ്നം പശുവും കിടാവുമായി. അടിയന്തരാവസ്ഥയോടെ ഇന്ദിരാഗാന്ധിയെയും മകന്‍ സഞ്ജയ്ഗാന്ധിയെയും ചേര്‍ത്തുകൊണ്ടുള്ള തമാശക്കഥകളില്‍ ഈ ചിഹ്നവും ഇടം നേടിയിരുന്നു. പശുവിനെ ഇന്ദിരാഗാന്ധിയായും കിടാവിനെ സഞ്ജയ്ഗാന്ധിയായും വിശേഷിപ്പിച്ചായിരുന്നു കഥകള്‍ പ്രചരിച്ചത്. ഇതാണു തെരഞ്ഞെടുപ്പു ചിഹ്നം വീണ്ടും മാറ്റാന്‍ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചതെന്നു പറയുന്നു.
പിന്നീട് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം സ്വീകരിക്കുകയായിരുന്നു. ഒരുകാലത്ത് ഇന്ത്യയില്‍ സജീവമായിരുന്ന ജനതാ പാര്‍ട്ടിയുടെ ചിഹ്നമായ ചക്രത്തിനുള്ളിലെ കലപ്പയേന്തിയ കര്‍ഷകനും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍, പാര്‍ട്ടിതന്നെ വിവിധ ഘട്ടങ്ങളില്‍ ശിഥിലമായപ്പോള്‍ കലപ്പയേന്തിയ കര്‍ഷകനും മാഞ്ഞുപോയി. പലതവണ ചിഹ്നങ്ങള്‍ മാറ്റുകയും ചില ചിഹ്നങ്ങള്‍ ചരിത്രമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ധാന്യക്കതിരിനും അരിവാളിനും പ്രസക്തിയേറുന്നത്. ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1951നുശേഷം 65 വര്‍ഷമായി ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന ഏക പാര്‍ട്ടിയായി ഇതോടെ സിപിഐ മാറി. ഒപ്പം മാറാതെ, മാറ്റമില്ലാതെ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പു ചിഹ്നമായി ധാന്യക്കതിരും അരിവാളും ചരിത്രത്തില്‍ ഇടം നേടുകയാണ്.