മുളന്തുരുത്തി: പുളിക്കമാലി വെട്ടിക്കുളത്തിന് സമീപം മനയ്ക്കമലയില്‍ നിന്നുമുള്ള മണ്ണെടുപ്പിനെതിരെ പ്രതിഷേധം വ്യാപകമായി. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന സമരത്തിന് ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയുണ്ട്. നടക്കാവ് ഹൈവേയില്‍ നിന്നും 100 മീറ്ററോളം ഉള്ളിലേക്ക് കയറി 30 ഏക്കറോളം വരുന്ന മലയാണ് ഇടിച്ചു നിരത്തി മണ്ണെടുക്കുന്നത്. കോടതി അനുമതിയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാരുടെ പ്രതിഷേധം വ്യാപകമായതിനേത്തുടര്‍ന്ന് ഖനനം നിര്‍ത്തിവെയ്‌ക്കേണ്ടിവന്നിരിക്കുകയാണ്.
പരിസ്ഥിതിയെ തകിടം മറിക്കുന്ന മണ്ണെടുപ്പുമൂലം കുടിവെള്ള ക്ഷാമമടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മണ്ണെടുക്കുന്നതിനുള്ള സൗകര്യാര്‍ഥം സമീപത്തുണ്ടായിരുന്ന രണ്ട് വീടുകള്‍ ഇവര്‍ വിലയ്ക്കുവാങ്ങിയിരുന്നുവത്രെ. മണ്ണെടുപ്പ് എന്തുവിലകൊടുത്തും തടയുമെന്ന നിലപാടിലാണ് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന സമര സമിതി പറയുന്നത്.
സമരത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മനുഷ്യസംഗമവും പ്രതിഷേധ ജ്വാലയും നടത്തിയിരുന്നു. മണ്ണെടുപ്പിന് എതിരേയുള്ള സമരത്തിന് അനൂപ് ജേക്കബ് എംഎല്‍എ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യോഗത്തില്‍ പ്രസംഗിച്ചിരുന്നു. ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് മണ്ണ് ലോബിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും, ഇതിനെതിരെ ശക്തമായ മുന്നേറ്റത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന ഉപവാസ സമരത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവന്‍ നിര്‍വഹിച്ചു.
പഞ്ചായത്തംഗം വേണു മുളന്തുരുത്തി അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് രഞ്ചി കുര്യന്‍, ബിനോയി ഹരിദാസ്, ജലജ മോഹനന്‍, വി.കെ. വേണു, നിജി ബിന്ദു, ജോര്‍ജ് മാണി എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ നിര്‍വഹിച്ചു. പി.എ. തങ്കച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജെയ്‌സണ്‍ ജോസഫ്, വേണു മുളന്തുരുത്തി, ഷൈനി സജി, ടോമി തച്ചാമ്പുറം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമരസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു.