മൂവാറ്റുപുഴയില്‍ ഇറങ്ങണ്ട, തരില്ല: സിപിഐ; ഫ്രാന്‍സിസ് ജോര്‍ജിനു മൂവാറ്റുപുഴ സീറ്റ് നല്കില്ലെന്നു സിപിഐ

Francisകൊച്ചി: മൂവാറ്റുപുഴ സീറ്റില്‍ തങ്ങള്‍ തന്നെ മത്സരിക്കുമെന്നു സിപിഐ ജില്ല സെക്രട്ടറി പി. രാജു. കേരള കോണ്‍ഗ്രസ് എം വിട്ടു പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴയില്‍ നിന്നും ഇടതു പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് പി. രാജു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ഇടതു മുന്നണിയ്‌ക്കൊപ്പം വരുന്ന സാഹചര്യത്തില്‍ സീറ്റ് വെച്ചു മാറണമെന്ന തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഫ്രാന്‍സിസ് ജോര്‍ജിനല്ല ആര്‍ക്കും  മൂവാറ്റുപുഴ സീറ്റ് വിട്ടു നല്‍കില്ല. അവിടത്തെ സ്ഥാനാര്‍ ഥിയെ തീരുമാനിക്കുന്നതിനായി 16നു മണഡലം കമ്മറ്റി വിളിച്ചിട്ടുണ്ട്. പിറ്റേദിവസം ജില്ല എക്‌സിക്യുട്ടീവ് ചേര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തും. സ്ഥാനാര്‍ഥി ആരായിരിക്കുമെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മൂവാറ്റുപുഴ സീറ്റ് വെച്ചു മാറുന്നത് സംബന്ധിച്ച് ഇപ്പോഴോ മുന്‍പ് ഏതെങ്കിലും ഘട്ടത്തിലോ ഔപചാരികമായ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. അത്തരം ആവശ്യം ഒരു ഘട്ടത്തിലും മുന്നണിക്ക് അകത്ത് ഉയര്‍ന്നിട്ടുമില്ല. ഒരു കാരണവശാലും സീറ്റ് വിട്ടു കൊടുക്കില്ലെന്നും പി. രാജു വ്യക്തമാക്കി.

16നു മൂവാറ്റുപുഴ കൂടാതെ പാര്‍ട്ടി ജില്ലയില്‍ മത്സരിക്കുന്ന പറവൂരിലും മണ്ഡലം കമ്മറ്റി വിളിച്ചിട്ടുണ്ട്. ഇരു മണ്ഡലം കമ്മറ്റികളുടേയും തീരുമാനം തൊട്ടടുത്ത ദിവസം ജില്ല എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയ്ക്കു വരും. അന്നു തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ഉണ്ടാകും. നാളുകളായി ഇടതു മുന്നണിയില്‍ സിപിഐക്കു മത്സരിക്കുന്ന ജില്ലയിലെ രണ്ടു സീറ്റുകളില്‍ ഒന്നാണ് മൂവാറ്റുപുഴ. കഴിഞ്ഞ  തവണ മുന്‍ എംഎല്‍എ ബാബു പോള്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച് കോണ്‍ഗ്രസിലെ ജോസഫ് വാഴക്കനോടു പരാജയം ഏറ്റുവാങ്ങിയിരുന്നു.

Related posts