ബംഗളൂരു: പുരുഷവേഷത്തിൽ ഓട്ടോ ഓടിച്ച് വീടുകളിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകളെ പോലീസ് പിടികൂടി. കർണാടക ബൊമ്മനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. നിലോഫർ, ഷബ്രിൻ താജ് എന്നിവരാണു പിടിയിലായത്. ഇവരിൽനിന്ന് 130 ഗ്രാം സ്വർണാഭരണങ്ങളും ഓട്ടോറിക്ഷയും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
പുരുഷവേഷം ധരിച്ച് ഓട്ടോറിക്ഷ ഓടിക്കുകയും മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മോഷണക്കേസിൽ നിലോഫറിനെ ബാഗൽഗുണ്ടെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
ജയിൽ മോചിതയായ ശേഷം ഷബ്രിൻ താജിനൊപ്പം ചേർന്ന നിലോഫർ തന്റെ മോഷണപരമ്പര തുടർന്നു. മാർച്ച് 17 ന് ബൊമ്മനഹള്ളിയിലെ വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രതികൾ 130 ഗ്രാം സ്വർണാഭരണങ്ങളും മൂന്നു ലക്ഷം രൂപയും മോഷ്ടിക്കുകയായിരുന്നു.
ചെറുതും വലിതുമായ നിരവധി മോഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വേഷം മാറി നടക്കുന്നതുകൊണ്ട് പ്രതികളെ തിരിച്ചറിയാൻ വൈകിയെന്നും പോലീസ് അറിയിച്ചു.