മൂവാറ്റുപുഴ: നഗരമധ്യേത്തിലെ ആധാരമെഴുത്ത് ഓഫീസില്‍ നിന്നും പട്ടാപ്പകല്‍ ഒന്നരലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാവുംപടി റോഡില്‍ കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അജിത്കുമാറിന്റെ (തമ്പി) ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പണം കവര്‍ന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് അനില്‍കുമാര്‍ മൂവാറ്റുപുഴ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
സ്ഥാപനത്തിന്റെ വാതില്‍ ചാരിയിട്ട ശേഷം പുറത്തുപോയപ്പോഴാണ് മോഷണം. പണം സൂക്ഷിച്ചിരുന്ന മേശയും പൂട്ടിയിരുന്നില്ല. മുദ്രപ്പത്രവും സ്റ്റാമ്പും വാങ്ങാനായിട്ടു സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. സ്ഥാപനത്തെക്കുറിച്ച് മുന്പരിചയമുള്ളവരാകാം കവര്‍ച്ചക്കാരെന്നാണ് പോലീസിന്റെ നിഗമനം. സ്ഥാപനത്തിലോ സമീപത്തോ സിസിടിവി കാമറകള്‍ ഇല്ലാത്തതുമൂലം അതുവഴിയുള്ള അന്വേഷണം സാധിക്കില്ല.
ഇന്നലെ സ്ഥാപനത്തിലോ പരിസരത്തോ വന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.
മൂന്നു കെട്ടുകളിലായി 1,67,500 രൂപയാണ് മേശയില്‍ സൂക്ഷിച്ചിരുന്നത്. രണ്ടു കെട്ടുകളിലായി ഒന്നരലക്ഷം രൂപ മാത്രമാണ് മോഷ്ടിച്ചത്. ബാക്കിയുള്ള 17,500 രൂപ മോഷ്ടിക്കപ്പെട്ടിട്ടില്ല. അതിനാല്‍ പ്രെഫഷണല്‍ മോഷ്ടാക്കളല്ലെന്ന നിഗമനത്തിലാണ് പോലീസ്. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയും പരിസരത്ത് കാണാതായതായി അറിയില്ലെന്നാണ് അജിത് കുമാര്‍ പറയുന്നത്. എസ്ഐ എ. അനൂപിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.