മൃതദേഹങ്ങളേറ്റുവാങ്ങി തങ്കമണി തേങ്ങി! 5 പേരുടെ സംസ്കാരം ഇന്ന്; സുഹൃത്തുക്കളുടെ ആകസ്മികമായ വേര്‍പാടില്‍ ഗ്രാമം വിതുമ്പി

Accidantചെറുതോണി: വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ സുഹൃത്തുക്കളുടെ ആകസ്മികമായ വേര്‍പാടില്‍ തങ്കമണി ഗ്രാമം നടുങ്ങി. യാത്ര കഴിഞ്ഞു മടങ്ങിയ സുഹൃത്തക്കള്‍ മരിച്ചത് ഇനിയും  തങ്കമണിക്കാര്‍ക്ക് വിശ്വസിക്കാനായില്ല. മരിച്ച ആറു പേരും സുഹൃത്തുക്കളും ട്രൂ വിഷന്‍ എന്ന പേരിലുള്ള സ്വയം സഹായ സംഘത്തിലെ അംഗങ്ങളുമായിരുന്നു. ടൈല്‍ പണിക്കാരും പെയിന്റിംഗ് തൊഴിലാളികളുമായിരുന്ന ഇവര്‍ ഒരുമിച്ച് പലയാത്രകളും നടത്തിയിരുന്നു. ഇത്തവണ 15 പേരാണ് വേളാങ്കണ്ണി തീര്‍ഥയാത്രയക്ക് തയ്യാറെടുത്തിരുന്നത്. അസൗകര്യം മൂലം മറ്റുള്ളവര്‍ പിന്‍മാറുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന  തങ്കമണി കുരിശുപാറ ഒട്ടലാങ്കല്‍ ഷൈന്‍(30), ബേബി മുള്ളനാനിയില്‍(60), നീലിവയല്‍ കൊച്ചുകരിപ്പാപറമ്പില്‍ ബിനു(32), അച്ചന്‍കാനം വെട്ടുകാട്ടില്‍ അജീഷ്(30), കനകക്കുന്ന് പടലാംകുന്നേല്‍ മോന്‍സി(35), വെണ്‍മണി പുളിക്കത്തൊട്ടി ഇളംതുരുത്തിയില്‍ ജസ്റ്റിന്‍(30) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു പുലര്‍ച്ചയോടെ തങ്കമണിയിലെത്തിച്ചു. രാവിലെ എട്ടിന് തങ്കമണി സഹകരണ ആശുപത്രിക്കു മുന്നില്‍ പൊതുദര്‍ശനത്തിനു ശേഷം ആറു പേരുടെയും മൃതദേഹങ്ങള്‍ സ്വദേശത്തേയ്ക്കു കൊണ്ടു പോയി.

മുളളനാനിയില്‍ ബേബിയുടെ ഒഴികെയുള്ളവരുടെ സംസ്കാരം ഇന്നു ഉച്ചയോടെ മന്നാത്തറ, തങ്കമണി, വെണ്‍മണി പള്ളികളില്‍ നടക്കും. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം ബേബിയുടെ സംസ്കാരം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തങ്കമണി വാഴയില്‍ ഷൈന്‍ തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ രാവിലെ തങ്കമണിയിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. നികിതയാണ് മരിച്ച ഒട്ടലാങ്കല്‍ ഷൈനിന്റെ ഭാര്യ. ഏകമകന്‍ നിഷോണ്‍ (4). പിതാവ് കുഞ്ഞൂഞ്ഞ്. അമ്മ ലില്ലിക്കുട്ടി. സഹോദരങ്ങള്‍ അനീഷ്, നിഷ.

മോളിയാണ് ബേബിയുടെ ഭാര്യ. മക്കള്‍: മനു, മെബിന്‍, മഫിയ. പരേതനായ തോമസിന്റെയും റോസമ്മയുടേയും മകനാണ് മരിച്ച ബിനു. അവിവാഹിതനാണ്. സഹോദരങ്ങള്‍ സിജു, മോളി. വെട്ടുകാട്ടില്‍ അപ്പച്ചന്റെയും ഡെയ്‌സിയുടെയും മകനാണ് അവിവാഹിതനായ അജീഷ്. സഹോദരങ്ങള്‍ അനീഷ് (മിലിട്ടറി), സഹോദരി നിഷ. കനകക്കുന്ന് പടലാംകുന്നേല്‍ പരേതനായ ചാക്കോയുടെയും മേരിയുടെയും മകനാണ് മരിച്ച മോന്‍സി. അവിവാഹിതനാണ്. സഹോദരങ്ങള്‍ സോണി, വത്സ, ലിസി, സുനി. അപ്പച്ചനാണ് മരിച്ച ജസ്റ്റിന്റെ പിതാവ്. അമ്മ ഏലിയാമ്മ. ഏക സഹോദരന്‍ ജയ്‌സണ്‍.

Related posts