മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രി കോമ്പൗണ്ടില്‍ ലോട്ടറി വില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയരുന്നു. കേരള സര്‍ക്കാരിന്റെ ലോട്ടറി വില്പന നടത്തുന്ന നിത്യരോഗികളും അന്ധരും വികലാംഗരുമായ ആളുകള്‍ക്കാണ് ഇതോടെ വരുമാനം നഷ്ടപ്പെട്ടിരിക്കുന്നതത്രേ. ആശുപത്രി പരിസരത്താണ് ഇവര്‍ ലോട്ടറി വില്പന നടത്തിയിരുന്നത്. ഇതില്‍ കേരള സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയടക്കമുള്ളവയുണ്ട്.
ചുമതലയേറ്റ സൂപ്രണ്ട് ഭരണ പരിഷ്കാരത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്ത് വില്പന നടത്തിയിരുന്ന സ്ത്രീകളടക്കമുള്ളവരെ കാമ്പസില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ ഭൂരിഭാഗം കച്ചവടക്കാരും നിത്യ രോഗികളാണ്. സര്‍ക്കാരിലേക്ക് വന്‍ തുക വരുമാനം ഉണ്ടാക്കുകയും നിത്യവൃത്തിക്ക് പണം കണ്ടെത്തുകയും ചെയ്യുന്ന ഇവര്‍ക്കെതിരെ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ആരോപണമുയര്‍ന്നു.
അതേ സമയം അനധികൃതമായി അംഗീകാരമില്ലാത്ത ഓപ്പറേഷന് സാധനങ്ങളടക്കമുള്ളവ വില്പന നടത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്താതെ ലോട്ടറി വില്പന മാത്രം നിരോധിച്ചത് ശരിയായ നടപടിയല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലോട്ടറി വില്പന നിരോധിച്ചതോടെ ഏതാണ്ട് അമ്പതോളം പേര്‍ക്കാണ് ജീവിക്കാനുള്ള വരുമാനം നഷ്ടപ്പെട്ടിരിക്കുന്നത്.