പത്തനംതിട്ട: ഡിവൈഎഫ്ഐ മല്ലപ്പള്ളി കെഎസ്ആര്‍ടിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്താനിരുന്ന സൗജന്യ കാന്‍സര്‍ നിര്‍ണയ, മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും ഏകപക്ഷീയമായി മാറ്റിവച്ച നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡിഎംഒയെ തടഞ്ഞുവച്ചു. കഴിഞ്ഞ 19ന് ഡിഎംഒയ്ക്കു നല്കിയ അപേക്ഷപ്രകാരം ഇന്നലെ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ 250ലധികം ആളുകളും എത്തിയിരുന്നു. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട പരിപാടിക്കു തൊട്ടുമുമ്പ് ഡിഎംഒയില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തില്ലെന്ന് അറിയിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടെലിഫോണിലൂടെ നല്കിയ പരാതിപ്രകാരമാണ് ക്യാമ്പ് മാറ്റിയതെന്നു പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് ഡിഎംഒ ക്യാമ്പ് മാറ്റിയതെന്നും പറയുന്നു. ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ എന്നിവരുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ക്യാമ്പ് മാറ്റിവച്ചത്.ക്യാമ്പ് മാറ്റിയതില്‍ പ്രതിഷേധിച്ച് സ്ഥലത്തു യോഗം ചേര്‍ന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡിഎം ഓഫീസിലെത്തി.
ജില്ലാ പഞ്ചായത്തംഗം എസ്. വി. സുബിന്, ബ്ലോക്ക് പ്രസിഡന്റ് വി.വി. പ്രമോദ്, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ചാത്തനാട്ട്, ബ്ലോക്ക് ഭാരവാഹികളായ സതീഷ് മണിക്കുഴി, മോന്‍സി വര്‍ഗീസ്, അജയകുമാര്‍ കൈപ്പറ്റ പരിപാടിയുടെ സംഘാടകരും ഡിവൈഎഫ്ഐ കെഎസ്ആര്‍ടിസി യൂണിറ്റിന്റെ നേതാക്കളുമായ സുധീഷ് കുമാര്‍, അനന്തകൃഷ്ണന്, അനീഷ് കുമാര്‍, ജസ്റ്റിന് മാത്യു, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഡിഎം ഓഫീസില്‍ സമരത്തിനെത്തിയത്.
കോണ്‍ഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പ്രസാദ് ജോര്‍ജാണ് ഫോണിലൂടെ പരാതി നല്‍കിയതെന്നും പെരുമാറ്റച്ചട്ടം തടസമുണ്ടാകാതെ കളക്ടറുടെ അനുവാദത്തോടെ ക്യാമ്പ് മറ്റൊരു തീയതിയില്‍ നടത്താമെന്നും ഡിഎംഒ ഡോ.ഗ്രേസി ഇത്താക്ക് ഡിവൈഎഫ്ഐ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.