തിരുവനന്തപുരം : പുല്‍ഗാവിലെ ആയുധ സംഭരണശാലയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ 10.30ഓടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെ വൈകുന്നേരം 4.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രനും പാങ്ങോട് സൈനിക ക്യാമ്പിലെ ഉന്നതോദ്യോഗസ്ഥരും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
അപകടവിവരമറിഞ്ഞ് മുബൈയിലേക്ക് പോയ ഭാര്യ ബീന, പുല്‍ഗാവില്‍ നിന്നുള്ള മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ഷക്കീല്‍ അഹമ്മദ് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. മനോജിന്റെ മകന്‍ വേദാന്ത്, സഹോദരി മായ, ഭാര്യാമാതാവ് സുശീല, ഭാര്യാസഹോദരന്‍ സന്തോഷ് തുടങ്ങിയ ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ആഭ്യന്തര ടെര്‍മിനലിന് മുന്നിലെ ശ്രദ്ധാഞ്ജലി സ്ഥാനില്‍ വച്ച മൃതദേഹത്തിന് മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തില്‍ സൈനിക ബഹുമതി നല്‍കി.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, പാങ്ങോട് സൈനിക ക്യാമ്പിലെ സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.എ.ജെ. ഫെര്‍ണാണ്ടസ്, എസ്എസ്ഒ കേണല്‍ ഐസക് തടത്തില്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.പാങ്ങോട് സൈനികാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നു രാവിലെ എട്ടു മുതല്‍ പത്തു വരെ തിരുമല വേട്ടമുക്കിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി, തുടര്‍ന്നു തൈക്കാട് ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.