മൈക്രോഫിനാന്‍സ്: അന്വേഷണം നടക്കട്ടെയെന്ന് വെള്ളാപ്പള്ളി

FB-VELLAPALLY1പന്തളം: എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയെ സംബന്ധിച്ച് ഏത് അന്വേഷണവും നടക്കട്ടെയെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി പന്തളം യൂണിയന്റെ ആഭിമുഖ്യത്തില്‍ ഗുരുസ്തവത്തിന്റെ രചനാശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവിനെ ഹൈജാക്ക് ചെയ്യാനാണ് ചിലരുടെ ഇപ്പോഴത്തെ ശ്രമം. ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക് ഗുരുവചനങ്ങള്‍ ഉദ്ധരിച്ചത് എസ്എന്‍ഡിപി യോഗത്തിന്റെ പ്രസക്തിയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പന്തളം യൂണിയന്‍ ഓഫീസിനോട് ചേര്‍ന്നുള്ള ഗുരുമണ്ഡപത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് സിനില്‍ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ.എ.വി.ആനന്ദരാജ്, കെ.പത്മകുമാര്‍, മധു പരുമല, ഡി.സുരേന്ദ്രന്‍, മണ്ണടി മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഖ്യമന്ത്രിയെ കാണുന്നത് സ്കൂള്‍ വിഷയം ചര്‍ച്ച ചെയ്യാനെന്ന് വെള്ളാപ്പള്ളി

പന്തളം: മുഖ്യമന്ത്രിയെ കാണാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയ്ക്ക് ശേഷം അദ്ദേഹത്തെ കാണുമെന്നും വെള്ളാപ്പള്ളി നടേശന്‍. പന്തളത്ത് എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കേസില്‍ പ്രതിയായ സ്ഥിതിക്ക് കേസ് വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനാകില്ല. അത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. എസ്എന്‍ഡിപിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടേതായ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് സന്ദര്‍ശനോദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

Related posts