കൂത്തുപറമ്പ്: മഴയെത്തും മുമ്പെ പരമാവധി കുടകൾ നിർമിക്കാനുള്ള തിരക്കിലാണ് സൗത്ത് നരവൂരിലെ പി.സജിത. അരയ്ക്കു താഴെ തളർന്ന സജിത ഇതിനകം മുന്നൂറിലധികം കുടകൾ നിർമിച്ചു കഴിഞ്ഞു. രണ്ടാം വയസിൽ പനി വന്ന് തളർന്നുപോയതാണ് സജിതയുടെ അരയ്ക്ക് താഴെയുള്ള ഭാഗം. എന്നാൽ ഈ വിധിയെ പഴിച്ച് തളർന്നിരിക്കാൻ സജിത തയാറല്ല. മൂന്നു വർഷം മുമ്പ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പരിശീലനത്തിലൂടെയാണ് സജിത തന്റെ പരിമിതികൾ മറന്ന് കുട നിർമാണം ആരംഭിച്ചത്.
എന്നാൽ കഴിഞ്ഞ വർഷം മുതലാണ് ഈ രംഗത്ത് സജീവമായത്. ഒരു കുട നിർമിക്കാൻ ഏകദേശ 45 മിനിറ്റോളം എടുക്കുമെന്നും ഒരു ദിവസം പത്ത് കുടവരെ നിർമിക്കാറുണ്ടെന്നും സജിത പറയുന്നു. ഐആർപിസി, എകെഡബ്ല്യുആർഎഫ് , തലശേരിയിലെ കനിവ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് സജിത കുട നിർമിക്കുന്നത് .
ഈ സംഘടനകൾ നൽകുന്ന സാമഗ്രികൾ ഉപയോഗിച്ച് കുട നിർമ്മിച്ച് നൽകിയാൽ കുട ഒരെണ്ണത്തിന് അമ്പത് മുതൽ അറുപത് രൂപ വരെ സജിതയ്ക്ക് ലഭിക്കും. അച്ഛൻ രാജനും സഹോദരിയുമാണ് കുട നിർമ്മിക്കാനാവശ്യമായ തുണിയുൾപ്പെടെയുള്ള വസ്തുക്കൾ സജിതക്ക് എത്തിച്ച് നൽകുന്നത്. കറുപ്പ് കുടയ്ക്ക് 280 രൂപയും കളർ കുടയ്ക്ക് മുന്നൂറ് രൂപയും വില ഈടാക്കിയാണ് സജിത വില്പന നടത്തുന്നത് ഇത്തവണ മുന്നൂറോളം കുട നിർമ്മിച്ചു കഴിഞ്ഞതായും ഇതിൽ നൂറ്റമ്പതോളം ഓളം വിറ്റഴിച്ചതായും സജിത പറഞ്ഞു.