യാചകിയാണെങ്കിലും ലക്ഷപ്രഭു! കാല്‍ ചാക്കോളമുള്ള നാണയത്തുട്ടുകള്‍; യാചകി ദീദിയുടെ ഭാണ്ഡത്തില്‍ ലക്ഷത്തിലേറെ രൂപ; പൈസ എണ്ണിത്തിട്ടപ്പെടുത്താനെടുത്ത സമയം അഞ്ചുമണിക്കൂര്‍

DEETHI11എ.ജെ. വിന്‍സന്‍

വാടാനപ്പള്ളി: ഇതര സംസ്ഥാനക്കാരിയായ മാനസികാസ്വാസ്ഥ്യമുള്ള ദേജ എന്ന ദീദിയുടെ ഭാണ്ഡത്തില്‍ ലക്ഷത്തില്‍പ്പരം രൂപ. പൈസ എണ്ണിത്തിട്ടപ്പെടുത്താനെടുത്ത സമയം അഞ്ചുമണിക്കൂര്‍. തിട്ടപ്പെടുത്തിയ തുക 1,11,678 രൂപ!

വാടാനപ്പള്ളി സെന്ററില്‍ തൃശൂര്‍ റോഡില്‍നിന്നു തൃപ്രയാറിലേക്കു തിരിയുന്നിടത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ വരാന്തയില്‍ അന്തിയുറങ്ങിയിരുന്ന ദീദിയെ ആശുപത്രിയിലാക്കിയപ്പോഴാണു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭാണ്ഡക്കെട്ട് പരിശോധിച്ചത്. വായിലും ചുണ്ടിലും പഴുപ്പു കണ്ടതിനെത്തുടര്‍ന്നാണു ദീദിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.എന്‍. സുധീഷും പ്രസിഡന്റ് ഷിജിത്ത് വടക്കുംചേരിയും വാടാനപ്പള്ളി പോലീസും ചേര്‍ന്ന് ആശുപത്രിയിലാക്കാന്‍ നടപടി സ്വീകരിച്ചത്. അതിനുമുമ്പ് ഇവരെ തൃശൂര്‍ ജെസിഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവര്‍ക്കൊപ്പം മനോനില തകരാറിലായ പരിമള എന്ന സ്ത്രീയുമുണ്ടായിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം ഇരുവരെയും മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.

ഇതിനു ശേഷമാണ് പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്നു ദീദിയുടെ ഭാണ്ഡം തുറന്നത്. പത്തുമുതല്‍ ആയിരം വരെയുള്ള കറന്‍സി നോട്ടുകളും 25 പൈസമുതല്‍ പത്തു രൂപ വരെയുള്ള നാണയങ്ങളും 200 ദിര്‍ഹത്തിന്റെ ഒരു നോട്ടും ഭാണ്ഡത്തില്‍ കണ്ടതോടെ അധികൃതര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. കാല്‍ ചാക്കോളമുള്ള നാണയത്തുട്ടുകള്‍ രണ്ടുപേര്‍ ചേര്‍ന്നാണ് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓഫീസിലെത്തിച്ചത്.

89,610 രൂപയുടെ കറന്‍സികളും ബാക്കി നാണയങ്ങളുമാണ് ഭാണ്ഡക്കെട്ടിലുണ്ടായിരുന്നത്. പത്തുരൂപയുടെ 5609 നോട്ടുകളും 100 രൂപയുടെ 167 നോട്ടുകളും അഞ്ചു രൂപയുടെ 2612 നാണയങ്ങളുമുള്‍പ്പെടെയാണിത്. കോടതിനിര്‍ദേശ പ്രകാരം ദീദിയുടെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ്, വാടാനപ്പള്ളി എസ്‌ഐ എന്നിവരുടെ ചുമതലയില്‍ തുക ബാങ്കിലിടും.
DEETHI22
മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കുശേഷം ദീദിയെ മഹിളാ മന്ദിരത്തിലേക്കു മാറ്റുമെന്നു വാടാനപ്പള്ളി എസ്‌ഐ ശ്രീജിത്ത് പറഞ്ഞു. മുപ്പതു വര്‍ഷമായി ദീദി വാടാനപ്പള്ളിയിലുണ്ട്. തൃത്തല്ലൂരിലെ പഴയൊരു സ്വകാര്യ സ്ഥാപനത്തിന്റെ വരാന്തയിലാണ് ദീദിയും യാചകിയായ മറ്റൊരു വൃദ്ധയും കഴിഞ്ഞിരുന്നത്. പിന്നീട് ദീദി വാടാനപ്പള്ളി സെന്ററിലേക്കു വന്നിട്ടിപ്പോള്‍ നാലുവര്‍ഷത്തിലേറെയായി.

പേരു ചോദിച്ചാല്‍ ചിരിയാണു മറുപടി. പിന്നെ ഹരിയാനയിലെ പ്രാദേശിക ഭാഷയില്‍ അവ്യക്തമായ എന്തെങ്കിലും പറയും. ഹിന്ദി സംസാരിക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഇവര്‍ ദീദിയായി. ഭാണ്ഡക്കെട്ടിനു മുകളില്‍ ഒരു വടി വച്ച് എപ്പോഴും കാവലിരിക്കും. ഭാണ്ഡത്തിനരികിലേക്ക് ആരെങ്കിലും വന്നാല്‍ ഹിന്ദിയില്‍ ചീത്തവിളിച്ച് ഓടിക്കും. പരിസരത്തെ ബേക്കറിയുടമയായ ഫ്രഡി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.എന്‍. സുധീഷ്, ചുമട്ടുതൊഴിലാളികള്‍ എന്നിവരായിരുന്നു ദീദിയുടെ സഹായികള്‍. ഫ്രഡിയുടെ ബേക്കറിയില്‍നിന്നു സൗജന്യമായി നല്‍കുന്ന നെയ്യപ്പവും ജിലേബിയുമാണ് ഇഷ്ടഭക്ഷണം. മറ്റാരെങ്കിലും ഭക്ഷണം നല്‍കിയാല്‍ ചിലപ്പോഴേ വാങ്ങൂ. ഫ്രഡി നല്‍കുന്ന വെളിച്ചെണ്ണ തലയില്‍ തേച്ചുകുളിക്കും. പിന്നെ മിക്ക ദിവസങ്ങളിലും സ്വയം ഭക്ഷണം തയാറാക്കി കഴിക്കും, ഉറങ്ങും.

Related posts