നെടുങ്കണ്ടം: അരയ്ക്കു താഴെ തളര്ന്ന് കിടപ്പിലായ വയോധികന് തനിക്ക് കിട്ടുന്ന സഹായങ്ങളും പെന്ഷനും അശരണരായ അഗതികള്ക്ക് നല്കി മാതൃകയാകുന്നു. 54 വര്ഷമായി ബാലഗ്രാമം കരിമ്പോലില് സോമന് കിടപ്പിലാണ്.
20 -ാം വയസില് കോട്ടയം കലഞ്ഞൂരില് കൂപ്പിലെ ജോലിക്കിടെ മരത്തില്നിന്ന് വീണതിനെത്തുടര്ന്ന് സോമന്റെ അരയ്ക്ക് താഴേക്ക് തളര്ന്നുപോകുകയായിരുന്നു. കോട്ടയം മെഡിക്കല് കോളജിലെ ഡോക്ടര്മാര് 10 ദിവസത്തെ ആയുസ് മാത്രമായിരുന്നു അന്ന് സോമന് പറഞ്ഞത്.
പിന്നീട് മനഃസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അരയ്ക്കു താഴെ തളര്ന്നിട്ടും കൈകള് കുത്തി സ്വന്തമായുള്ള ആലയില് പണിയെടുത്താണ് വര്ഷങ്ങളോളം ജീവിതം കരുപ്പിടിപ്പിച്ചത്. അവിവാഹിതനായ സോമന് പ്രായമായതോടെ പെങ്ങളുടെ മകന്റെ വീട്ടിലാണ് ഇപ്പോള് താമസം.
74 -ാമത്തെ വയസിലും ശാരീരിക അവശതകള് മാറ്റിവച്ച് സ്വന്തം കാര്യങ്ങള് ഇദ്ദേഹം സ്വയമേ ചെയ്യുന്നുണ്ട്. വീട്ടുചെലവുകളും മരുന്നുകളും സഹോദരിയുടെ മകന് നൽകുന്നതിനാൽ തനിക്ക് കിട്ടുന്ന ആനുകൂല്യങ്ങള്കൊണ്ട് സോമന് മറ്റുള്ളവരെ സഹായിക്കുകയാണ്. പെന്ഷന്, വ്യക്തികളും സംഘടനകളും നല്കുന്ന സഹായങ്ങള്, മറ്റ് ആനുകൂല്യങ്ങള്, ജോലി ചെയ്ത് ലഭിച്ച വരുമാനം തുടങ്ങിയവ പാവപ്പെട്ടവര്ക്ക് നല്കുകയാണ്.
ഇതിനിടെ വീട്ടിലെത്തിയ സ്വരുമ പാലിയേറ്റീവ് പ്രവര്ത്തകരോട് നെടുങ്കണ്ടത്തെ അസീസി സ്നേഹാശ്രമത്തിലേക്ക് സഹായം നല്കാന് തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ചു.
തുടര്ന്ന് സ്വരുമയിലുള്ള റോട്ടറി കാര്ഡമം സിറ്റി ക്ലബ് അംഗങ്ങളായ ടി.ആര്. മനോജ്, കെ.സി. സെബാസ്റ്റ്യന്, പ്രമോദ് മോഹന്, സിജു ജേക്കബ്, സോണി മാത്യു, ആശാവര്ക്കര് ആന്സി ബിജോ എന്നിവര് സോമന്റെ വീട്ടിലെത്തുകയും ഇദ്ദേഹത്തെ എടുത്തുകൊണ്ട് അസീസി സ്നേഹാശ്രമത്തില് എത്തിക്കുകയുമായിരുന്നു. സോമന് തന്റെ സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ നിത്യോപയോഗ സാധനങ്ങള്, ഭക്ഷ്യവസ്തുക്കള് തുടങ്ങിയവ സ്നേഹാശ്രമത്തിന് നല്കി.
ആശ്രമത്തിലെ സിസ്റ്റര്മാരായ മേഘാ മരിയ, പാവന, സായൂജ്യ, അമൂല്യ എന്നിവരും അന്തേവാസികളും ചേര്ന്ന് ഇവ സ്വീകരിച്ചു. തുടര്ന്ന് റോട്ടറി കാര്ഡമം സിറ്റി പ്രസിഡന്റ് സനില് ദേവപ്രഭ, മുന് പ്രസിഡന്റുമാരായ ഷിഹാബ്, ലിജോ എന്നിവര് ചേര്ന്ന് സോമനെ പൊന്നാട അണിയിച്ച് ആദരിച്ചു.
വിധിയെ നിശ്ചയദാര്ഢ്യംകൊണ്ട് കീഴടക്കിയ സോമന്റെ തളരാത്ത മനസ് മറ്റുള്ളവര്ക്ക് മാതൃകയാണ്.