യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഇനി മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും; വൈഫൈ കിട്ടാന്‍ ചെയ്യേണ്ടത് ഇങ്ങനെ…

wifiകൊച്ചി: ഗൂഗിളുമായി ചേര്‍ന്നു റെയില്‍വേ ലഭ്യമാക്കുന്ന സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഇനി മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള റെയില്‍ടെല്‍ ആണ് റെയില്‍വയര്‍ എന്ന പേരില്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വഴി സൗജന്യ ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നത്. പ്രതിദിനം 1.3 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ പത്ത് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണു ഗൂഗിള്‍ പൊതു വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. എല്ലാ ദിവസവും 15 ലക്ഷം ഇന്ത്യാക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

റെയില്‍ടെലിന്റെ ഫൈബര്‍ ശൃംഖലവഴി സജ്ജീകരിക്കുന്ന സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉപയോക്താക്കള്‍ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് അനുഭവമാണു പ്രദാനം ചെയ്യുകയെന്നു ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു. ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഇനിമുതല്‍ വീഡിയോ സ്ട്രീം ചെയ്യാനും ലക്ഷ്യസ്ഥാനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ മനസിലാക്കാനും ഒരു പുസ്തകമോ പുതിയ ഗെയിമോ ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം നിഷ്പ്രയാസം സാധിക്കും. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നൂറു സ്റ്റേഷനുകളില്‍ ഈ സൗകര്യം ലഭ്യമാക്കിക്കൊണ്ട് ഈ വര്‍ഷാവസാനത്തോടെ ഒരു കോടി ഇന്ത്യാക്കാര്‍ക്ക് ഹൈസ്പീഡ് വൈഫൈ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ റെയില്‍വേയുമായും റെയില്‍ടെലുമായും ഗൂഗിള്‍ കൈകോര്‍ക്കുന്നത്.

എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍കൂടി ഉള്‍പ്പെടുത്തിയതിലൂടെ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് സ്റ്റേഷനുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമായിക്കഴിഞ്ഞുവെന്നും കണക്ടിവിറ്റി പരിമിതമായ ചില ചെറു സ്റ്റേഷനുകളിലേക്കുകൂടി ഇതു വ്യാപിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ചുവരികയാണെന്നും ഗൂഗിള്‍ ഇന്ത്യ ആക്‌സസ് പ്രൊജക്ട് മേധാവി ഗുല്‍സാര്‍ ആസാദ് പറഞ്ഞു. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഉയര്‍ന്ന വേഗത്തില്‍ നെറ്റ് ലഭ്യമാകേണ്ടത് ആവശ്യമാണ്. നൂറു സ്റ്റേഷനുകളില്‍ ഇതു പ്രാവര്‍ത്തികമാകുന്നതിലൂടെ ഉയര്‍ന്ന വേഗത്തില്‍ പൊതുജനങ്ങള്‍ക്കു നെറ്റ്‌വര്‍ക്ക് ലഭ്യമാകുന്ന രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയായി ഇതു മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ റെയില്‍വേയിലെ യാത്രക്കാര്‍ക്കു ലഭ്യമാകുന്ന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലുമാണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധ നല്‍കുന്നതെന്നു റെയില്‍ടെല്‍ സിഎംഡി ആര്‍.കെ. ബഹുഗുണ ഭൂവനേശ്വറില്‍ ഇന്നലെ നടന്ന പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ യാത്രക്കാര്‍ക്ക് ഇന്ന് ഏറ്റവും മെച്ചപ്പെട്ട വൈഫൈ അനുഭവം ലഭ്യമാക്കുന്നതില്‍ നടുനായകത്വം വഹിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയാണെന്നു പറയാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നിശ്ചിത സമയത്തേക്ക് ഈ സേവനം സൗജന്യമായിരിക്കുമെന്നും കൂടുതല്‍ സ്റ്റേഷനുകളിലും സ്ഥലങ്ങളിലും ഇതു ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈഫൈ കിട്ടാന്‍

കൊച്ചി: എറണാകുളം സൗത്ത് സ്റ്റേഷനില്‍ വൈഫൈ കിട്ടാന്‍ യാത്രക്കാര്‍ തങ്ങളുടെ ഫോണ്‍/ലാപ്‌ടോപ്പില്‍ വൈഫൈ സെറ്റിംഗില്‍ റെയില്‍വയര്‍ എന്ന നെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കുകയും ൃമശഹംശൃല.രീ.ശി എന്ന ബ്രൗസര്‍ തുറക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് തുറന്നുവരുന്ന ഭാഗത്ത് തങ്ങളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തശേഷം റീസീവ് എസ്എംഎസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിലുള്ള നാലക്ക കോഡ് പാസ്‌വേഡായി ഉപയോഗിച്ചു നെറ്റ് ഉപയോഗിക്കാം. അപ്പോള്‍ മുതല്‍ കണക്ഷന്‍ ലഭ്യമാണോ അല്ലയോ എന്ന കാര്യവും ഫോണില്‍ത്തന്നെ മനസിലാ ക്കാനാകും.

Related posts