തിരൂര്‍: യുഡിവൈഎഫ് ബൈക്ക് റാലിക്കിടെ സിപിഎം ആക്രമണത്തില്‍ രണ്ടു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഏഴൂര്‍ ശാഖ മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി മാലപ്പറമ്പില്‍ നിസാറിനും (26) വൈരങ്കോട് സ്വദേശി തയ്യില്‍ അബ്ദുല്‍ സലാമിനുമാണ് (19) പരിക്കേറ്റത്. ഇന്നലെ രാത്രി 9.45ഓടെ ഏഴൂരില്‍ വച്ചാണ് സംഭവം. നാഭിക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ സലാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മണ്ഡലം യുഡിവൈഎഫ് കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക് റാലി ഏഴൂരിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥി സി. മമ്മുട്ടി അടക്കമുള്ള മുന്‍നിര കടന്നു പോയതിനു ശേഷമായിരുന്നു സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമെന്നു മുസ്‌ലംലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.
ബാക്കിയുള്ളവരെ തടഞ്ഞുവയ്ക്കുകയും കടന്ന് പോകാന്‍ അനുവദിക്കാതിരിക്കുകയുമായിരുന്നു. തുടര്‍ന്നായിരുന്നു സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ഇടതു സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. വികലാംഗനായ അബ്ദുല്‍ സലാമിനെ റാലിക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നാഭിക്ക് ചവിട്ടുകയായിരുന്നു.
മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കല്ല് കൊണ്ട് അടിച്ചതിനെ തുടര്‍ന്നായിരുന്നു നിസാറിനു പരിക്കേറ്റത്. എന്നാല്‍ പോലീസിന്റെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് സിപിഎമ്മിന്റെ പദ്ധതി പൊളിഞ്ഞത്. അതേസമയം തങ്ങള്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നു സിപിഎം നേതാക്കള്‍ വ്യക്തമാക്കി.