കാലടി: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വികസനവും കരുതലും ഹൃദയത്തോട് ചേര്‍ത്ത് കേരളത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാലടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം. ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട സര്‍ക്കാരാണ്. പറയുന്ന കാര്യങ്ങള്‍ ഒരു പരിധിവരെ അതുപോലെ ചെയ്തുവെന്നാണ് വിശ്വാസം. വികസനം മുഖമുദ്രയായി സ്വീകരിച്ച യുഡിഎഫ് സര്‍ക്കാരിനെ ഭരണത്തിലേറ്റണമെന്നോ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ എല്‍ഡിഎഫിനെ തിരഞ്ഞെടുക്കണമെന്നോ ജനങ്ങള്‍ തീരുമാനിക്കും.
വിഭാഗീയത വളര്‍ത്തുന്ന ബിജെപിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നു വന്ന റോജിക്ക് അങ്കമാലിയുടെ വികസനത്തിനു കരുത്തുപകരാന്‍ സാധിക്കുമെന്നും അദേഹം വിജയിച്ചാല്‍ അത് നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ വിജയമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയോജകമണ്ഡലം ചെയര്മാന് വര്‍ഗീസ് ജോര്‍ജ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റവി.ജെ.പൗലോസ്,മുന്‍ എം.എല്‍.എ.പി.ജെ.ജോയി, ഷറഫുന്നീസ കാരോളിന്,അഗസ്റ്റിന് കോലഞ്ചേരി,സാംസണ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.