ആളുകള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനായി 22 ലക്ഷത്തിന്റെ സ്വന്തം കാര്‍ വിറ്റ് മുംബൈയിലെ ‘ഓക്‌സിജന്‍ മാന്‍’ ; ചില നന്മ നിറഞ്ഞ മനുഷ്യരെക്കുറിച്ചറിയാം…

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി ഉയരുകയാണ്. ഓക്‌സിജന്‍ സിലണ്ടറുകളുടെ ദൗര്‍ലഭ്യമാണ് പലരെയും മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്.

കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ രക്ഷകരായി ദൈവദൂതരെപ്പോലെ ചിലരെത്താറുണ്ട്.

മുംബൈയിലെ ഷാനവാസ് ഷെയഖ് അത്തരം ഒരാളാണ്. മലാഡ് സ്വദേശിയായ ഇദ്ദേഹത്തെ നാട്ടുകാര്‍ ഇപ്പോള്‍ ‘ഓക്‌സിജന്‍ മാന്‍’ എന്നാണ് വിളിക്കുന്നത്.

ഒറ്റ ഫോണ്‍ കോളിലൂടെ രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിച്ചു നല്‍കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഷാനവാസ്. ഒരു ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാനവാസിന് സ്വന്തമായി കണ്‍ട്രോള്‍ റൂമും ഉണ്ട്.

കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ കോവിഡിനെതിരായ മുന്നണിപ്പോരാട്ടത്തില്‍ ഇദ്ദേഹവും ഭാഗമാണ്. ഷാനവാസിന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഓക്‌സിജന്‍ ലഭിക്കാതെ ഓട്ട റിക്ഷയില്‍ വച്ച് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു.

ഈ ദാരുണ സംഭവമാണ് കോവിഡ് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഈ 31കാരന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ 22 ലക്ഷം വിലയുള്ള ഫോര്‍ഡ് എന്‍ഡവര്‍ കാറ് വിറ്റാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കുള്ള പണം കണ്ടെത്തിയത് എന്ന് ഷാനവാസ് പറയുന്നു.

160 സിലിണ്ടറുകളാണ് കാറ് വിറ്റ പണം കൊണ്ട് വാങ്ങിയതെന്നും ഇത് പ്രയാസപ്പെടുന്നവര്‍ക്ക് നല്‍കിയെന്നും ഷഹനവാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമാണ് ഇപ്പോഴത്തെ അവസ്ഥ. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ജനുവരിയില്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ടുള്ള ഏതാണ്ട് 50 ഫോണ്‍ കോളുകളാണ് ദിവസേന ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്.

എന്നാല്‍ ഇന്ന് അത് 500 മുതല്‍ 600 വരെയാണെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 4000 പേരെ ഇതിനോടകം ഷാനവാസ് നേതൃത്വം നല്‍കുന്ന സംഘം ഓക്‌സിജന്‍ നല്‍കി സഹായിച്ചിട്ടുണ്ട്.

ഓക്‌സിജന്‍ സിലിണ്ടര്‍ എങ്ങനെ ഉപയോഗിക്കണം എന്നും സംഘം വിശദീകരിച്ചു നല്‍കുന്നു. ഭൂരിഭാഗം രോഗികളും ഉപയോഗത്തിന് ശേഷം കാലിയായ സിലിണ്ടറുകള്‍ കണ്‍ട്രോള്‍ റൂമില്‍ തിരിച്ച് അയക്കുകയും ചെയ്യുന്നതായി ഷാനവാസ് പറയുന്നു.

സ്വന്തം ആരോഗ്യം പോലും മറന്ന് ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ വേറെയും ആളുകളുണ്ട്. പാറ്റ്‌നയിലെ ഗൗരവ് റായി ഈ ഗണത്തില്‍പ്പെട്ടയാളാണ്.

വീടുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് നല്‍കി 950 ഓളം രോഗികളുടെ ജീവനാണ് ഇദ്ദേഹം രക്ഷിച്ചത്. സ്വന്തം വാഗണര്‍ കാറുപയോഗിച്ചാണ് വീട്ടുപടിക്കല്‍ ഇദ്ദേഹം ഓക്‌സിജന്‍ എത്തിക്കുന്നത്.

രാവിലെ അഞ്ചു മണിക്ക് തുടങ്ങുന്ന ഗൗരവ് റായിയുടെ പ്രവര്‍ത്തനം അര്‍ദ്ധ രാത്രിയാണ് പലപ്പോഴും അവസാനിക്കാറ്. ഓരോ കോളനികളിലും എത്തി ക്വാറന്റൈനിലുള്ള രോഗികളുടെ വീട്ടില്‍ ഇദ്ദേഹം സിലിണ്ടറുകള്‍ സ്ഥാപിച്ച് നല്‍കുന്നു.

അദ്ദേഹത്തിന്റെ സേവനം പൂര്‍ണ്ണമായും സൗജന്യമായാണ്. ഒരു ദിവസം പോലും അവധി എടുക്കാതെ കഴിഞ്ഞ ഒരു വര്‍ഷമായി ഗൗരവ് റായി ഇത് തുടരുന്നു.

Related posts

Leave a Comment