യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; ദുരൂഹതയുള്ളതായി സംശയം

crimeപാലക്കാട്: കല്ലേപ്പുള്ളിയില്‍ നാല്പത്തിയഞ്ചുവയസിനു താഴെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഹരിതനഗര്‍ ലെയ്ന്‍ രണ്ടിലെ പഴയ ജയതിയേറ്ററിനു സമീപത്തെ കിണറ്റിലാണ് അര്‍ധനഗ്നയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹത്തിനു നാലുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ഇന്നലെ പോലീസിനു ലഭിച്ച സന്ദേശമനുസരിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറിനുചുറ്റും കാടുപിടിച്ച് ആള്‍പ്പെരുമാറ്റമില്ലാത്ത നിലയിലാണ്.

സമീപത്തുനിന്നും മരിച്ച സ്ത്രീയുടേതാണെന്നു സംശയിക്കുന്ന ചെരിപ്പും വെള്ളക്കുപ്പിയും കണ്ടെത്തി. കഞ്ചിക്കോട്ടുനിന്ന് അഗ്്‌നിശമന സേനാംഗങ്ങള്‍ എത്തി മൃതദേഹം പുറത്തെടുത്തു. പാലക്കാട്ടെ ഡോഗ്‌സ്ക്വാഡും വിരലടയാള വിദഗ്ധരും തൃശൂരില്‍നി്‌ന്നെത്തിയ വിദഗ്ധ റിനി തോമസും പരിശോധനകള്‍ക്കായി സംഭവസ്ഥലത്തെത്തി.ഉച്ചയ്ക്ക് 3.30-ഓടെ ഡോഗ്‌സ്ക്വാഡ് സ്‌നിഫര്‍ ഡോഗ് റോക്കിയെ ഉപയോഗിച്ച് പരിശോധന നടത്തി. കിണറിന്റെ പരിസരത്തു മണംപിടിച്ചുനടന്ന റോക്കി പിന്നീട് കല്ലേപ്പുള്ളി പാതയില്‍ വന്നുനില്ക്കുകയായിരുന്നു.

ഹേമാംബികനഗര്‍ സിഐ സി.പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്ത്രീകളെ കാണാതായതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മലമ്പുഴ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Related posts