തൃപ്രയാര്‍: സംസാരശേഷിയില്ലാത്ത യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നു. രോഷാകുലരായ ജനങ്ങള്‍ പ്രതിയെ ആക്രമിക്കാനും ചെരിപ്പുമാലയിടാനും ചാണകവെള്ളം തെളിക്കാനും ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. നാട്ടിക പള്ളം ബീച്ചില്‍ ഉണ്ണിയാരം പുരക്കല്‍ ബിജു (ബീഹാറി ബിജു -35)നെയാണ് ഇന്നു രാവിലെ 11.35ഓടെ തെളിവെടുപ്പിനു കൊണ്ടുവന്നത്.
ബെഡ്റൂമില്വച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി. അതേസമയം യുവതിയെ പീഡനത്തിനുശേഷം പുറത്തെ ഷെഡിലാണ് അമ്മയും നാട്ടുകാരും കണ്ടതെന്നു പറയുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു സ്ത്രീ പ്രതിയുടെ ചെകിട്ടത്തടിക്കാന്‍ ശ്രമിച്ചു. ചെരിപ്പുമാലയുമായി ചിലരെത്തിയിരുന്നു. പ്രതി പോയ വഴിയിലെല്ലാം സ്ത്രീകള്‍ ചാണകവെള്ളം തെളിച്ചു.വലപ്പാട് സിഐ ആര്.രതീഷ്കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം അഞ്ചു മിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി മടങ്ങി.
പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് മുന്നൂറോളം പേര് സംഭവസ്ഥലത്ത് തടിച്ചുകൂടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതി ഇന്നലെ മെഡിക്കല്കോളജില്വച്ച് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പോലീസ് സാന്നിധ്യത്തില്‍ തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് പ്രതിയെ തിരിച്ചറിയുന്നതിനായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ജനങ്ങള്‍ ഇതറിഞ്ഞ് തടിച്ചുകൂടിയതോടെ വാര്‍ഡ് പോലീസ് നിര്‍ദേശപ്രകാരം പൂട്ടിയിരുന്നു.