നാഗ്പൂര്‍.: ആര്‍എസ്എസിന്റെ പുതിയ യൂണിഫോം ദസറദിനമായ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. കാക്കി നിക്കറിനു പകരമാണ് സ്വയംസേവകര്‍ ഇന്നു മുതല്‍ ബ്രൗണ്‍ പാന്റ്‌സ് ധരിക്കുക. രാജ്യമെമ്പാടും ഇന്നു നടക്കുന്ന പഥസഞ്ചലന പരിപാടിയില്‍ പാന്റ്‌സ് ധരിച്ചാവും സ്വയംസേവകര്‍ അണിനിരക്കുക. സംഘടനയുടെ സ്ഥാപകദിനത്തിലാണ് പുതിയ വേഷം പ്രാബല്യത്തിലാകുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ആര്‍എസ്എസിന്റെ വാര്‍ഷിക പ്രതിനിധി സഭാ യോഗത്തിലാണ് യൂണിഫോം പരിഷ്കരിക്കാന്‍ തീരുമാനിച്ചത്. മാറുന്ന ഫാഷന് അനുസരിച്ചു യൂണിഫോം മാറേണ്ടതില്ലെന്നായിരുന്നു ചില നേതാക്കളുടെ അഭിപ്രായം. എന്നാല്‍ യുവാക്കളെയും പ്രഫഷണലുകളെയും സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ യൂണിഫോം മാറ്റം സഹായിക്കുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.