കൊയിലാണ്ടി: കഴിഞ്ഞ മാസം 15ന് രാത്രി മുണ്ടോത്തുപള്ളിക്ക് സമീപം താമരശേരി തച്ചംപൊയില്‍ ചീനിയാര്‍മണ്ണില്‍ വീട്ടില്‍ നബീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഗത്തലവന്‍ കൊയിലാണ്ടി അരങ്ങാടത്ത് കോയാന്റെവളപ്പില്‍ വിഷ്ണു എന്ന വിഷ്ണുപ്രസാദിന് സിഐ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ വാങ്ങി.
ഇയാളുടെ കൂട്ടാളികളായ കൊയിലാണ്ടി ബൈറുഹാഹ് മന്‍സിലില്‍ മിസ്ബഹ്, വാവാച്ചിക്കണ്ടി വീട്ടില്‍ അനു എന്ന് വിളിക്കുന്ന അനുകൃഷ്ണന്‍, വടകര കാരാപൊയില്‍ മോനു എന്ന് വിളിക്കുന്ന ജിതിന്‍രാജ് എന്നിവര്‍ നേരത്തെ അന്വേഷണസംഘത്തിന്റെ പിടിയിലായിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെല്ലാം നിരവധി ബൈക്ക് മോഷണകേസിലും പ്രതികളാണ്.വിഷ്ണുപ്രസാദ് തിരുവനന്തപുരത്ത് ബന്ധുവീട്ടില്‍ ഒളിവിലായിരുന്നു. ഇയാള്‍ കഴിഞ്ഞദിവസം പേരാമ്പ്ര കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ഒന്നാംപ്രതി മിസ്ബഹിനെ ഇയാള്‍ക്ക് പരിചയപ്പെടുത്തികൊടുക്കുന്നത് കക്രാട്ടുകുന്ന് സ്വദേശിയും മത്സ്യവ്യാപാരിയുമായ സിദ്ദീഖാണ്. രണ്ടാംവട്ട ശ്രമത്തിലാണ് ഇവര്‍ക്ക് നബീലിനെ ആക്രമിക്കാന്‍ സാധിച്ചത്. നബീലിന്റെ രണ്ടുകാലുകളും തല്ലി ഒടിക്കാനും നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് സംഭവിക്കാതിരുന്നതിനാല്‍ മിസ്ബഹും വിഷ്ണുവും തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നു. ആക്രമണസ്ഥലത്തുനിന്ന് ലഭിച്ച മുളകുപൊടി വാങ്ങിയ കടയും കടക്കാരനേയും പ്രതി കാണിച്ചുകൊടുത്തു.
കടക്കാരന്‍ ഇയാളെ തിരിച്ചറിഞ്ഞു. മുമ്പ് ചിങ്ങപുരത്ത് സിപിഎമ്മിന്റെ ഓഫീസും ലൈബ്രറിയും തകര്‍ത്ത കേസിലും ഇയാള്‍ക്ക് പങ്കുള്ളതായി പറയുന്നു. ഇയാളുടെ മറ്റ് കൂട്ടാളികളെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.അന്വേഷണസംഘത്തില്‍ സിഐ ആര്‍. ഹരിദാസിനൊപ്പം എസ്‌ഐമാരായ ജോസഫ്, ടി.സി. ബാബു, എസ്‌സിപിഒമാരായ പ്രദീപന്‍, ശ്യാം, കെ.കെ. ബിജു എന്നിവരുമുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ നബീല്‍ ഇപ്പോഴും ചികിത്സയിലാണ്.