യൂണിഫോം ധരിക്കാതെത്തിയതിനു ക്ലാസില്‍നിന്നും ഇറക്കിവിട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകം

alp-uniformചാരുംമൂട്: യൂണിഫോം ധരിക്കാതെത്തിയതിനു പ്ലസ് ടു വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകം ചുനക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സ്കൂള്‍ തുറന്ന ആദ്യദിനം പുതു വസ്ത്രങ്ങളണിഞ്ഞ് ക്ലാസുകളിലെത്തിയ 150 ഓളം വിദ്യാര്‍ഥികളെയാണ് യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ സ്കൂള്‍ അധികൃതര്‍ ക്ലാസില്‍ നിന്നും ഇറക്കി വിട്ടത്.

രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്നശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് അധ്യാപകര്‍ താക്കീതു നല്‍കുകയും ചെയ്തു. ആദ്യദിനം തന്നെ ക്ലാസില്‍ കയറി ഇരിക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ഥിനികളില്‍ പലരും കരഞ്ഞുകൊണ്ടാണ് വീടുകളിലേക്കു തിരികെ പോയത്. സംഭവംമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും രക്ഷിതാക്കളും അധ്യാപകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം ധരിപ്പിച്ച ശേഷം തിരികെപ്പോയി. സ്കൂളിലെ നാലു ഡിവിഷനുകളിലായി ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ഥികളാണ് ഇവിടെ പ്ലസ് ടുവിനു പഠിക്കുന്നത്. അവധി കഴിഞ്ഞു സ്കൂള്‍ തുറക്കുന്ന ദിവസംതന്നെ യൂണിഫോം ധരിച്ചെത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി്ക്കു പരാതി നല്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

Related posts