രക്ഷപ്പെടാറുള്ളത് തലനാരിഴയ്ക്ക്! ട്രെയിന്‍ യാത്രയ്ക്ക് ഭീഷണിയായി കാലപ്പഴക്കം ചെന്ന ട്രാക്ക്; റെയില്‍പാതകളില്‍ വിള്ളല്‍ പതിവാകുന്നു

trackകോഴിക്കോട്: കാലപ്പഴക്കം ചെന്ന റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ വീഴുന്നത് ട്രെയിന്‍ യാത്രയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നു. കാലാവസ്ഥ വ്യതിയാനം മൂലമാണ് വിള്ളല്‍ വീഴുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ട്രാക്കിന്റെ കാലപ്പഴക്കം ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് മലബാര്‍ മേഖലയിലെ ട്രാക്കുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവിലായി ഇന്നലെ ഫറോക്കിലാണ് ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്പും കല്ലായിക്കടുത്ത് ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ട്രാക്കിലുണ്ടാകുന്ന വിള്ളല്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നതിനാല്‍ വലിയ അപകടങ്ങളിലേക്ക് വഴിമാറാതെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെടാറുള്ളത്.

കാലപ്പഴക്കം ചെന്ന ട്രാക്കുകളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തത് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അറ്റകുറ്റപ്പണി കൃത്യമായി നടത്താന്‍ കഴിയാത്തതെന്ന് ജീവനക്കാര്‍ പറയുമ്പോള്‍ ജീവനക്കാരുടെ കുറവ് ട്രാക്കിലെ അറ്റകുറ്റപ്പണിയെ ബാധിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അടിക്കടി ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ രാവിലെ 6.45ഓടെ ഫറോക്ക് സ്‌റ്റേഷന് സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. കൃത്യസമയത്ത് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചില്ല. എന്നാല്‍ ഇന്നലെ ഫറോക്കില്‍ വലിയ അപകടമാണ് വഴിമാറിയതെന്ന് ജീവനക്കാര്‍ പറയുന്നു.

കാലപ്പഴക്കം ചെന്ന ട്രാക്കുകളില്‍ സമയബന്ധിതമായ മാറ്റം വരുത്താത്തത് അപകടസാധ്യത കൂട്ടുമെന്നാണ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ക്കെല്ലാം മുമ്പുണ്ടായിരുന്നതിലും ഭാരം കൂടിയിട്ടുണ്ട്. ട്രെയിനിന്റെ വേഗതയിലും എണ്ണത്തിലും മാറ്റംവന്നിട്ടുണ്ട്. എന്നാല്‍ ട്രെയിനുകള്‍ ഓടുന്ന ട്രാക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാറ്റം വരുത്താന്‍ റെയില്‍വേ തയാറായിട്ടില്ല. ഓടുന്ന ട്രെയിനിന്റെ ഭാരംതാങ്ങാന്‍ ശേഷിയില്ലാത്ത ട്രാക്കുകളാണ് പലതും. 150 വര്‍ഷത്തോളം പഴക്കമുള്ള ട്രാക്കുകളില്‍ ഏത് സമയവും വലിയ അപകടങ്ങള്‍ സംഭവിച്ചേക്കാം. അപകടം മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ റെയില്‍വേക്ക് സമര്‍പ്പിച്ചിട്ടുമുണ്ട്.

ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ ആധുനിക രീതിയില്‍ ട്രാക്കിനെ സജ്ജമാക്കാന്‍ റെയില്‍വേക്ക് ഇതുവരെ സാധിച്ചിട്ടുമില്ല. ഇതിനുപുറമെ ജീവനക്കാരുടെ കുറവ് അറ്റകുറ്റപ്പണിയെ വിലയ തോതില്‍ ബാധിക്കുന്നുമുണ്ട്. ട്രാക്കില്‍ പരിശോധന നടത്തേണ്ട ട്രാക്ക്മാന്‍ തസ്തികയില്‍ നിലവില്‍ സ്ത്രീകളാണ് കൂടുതലായി ജോലി ചെയ്യുന്നത്.
ഇതിനാല്‍ രാത്രികാലങ്ങളില്‍ ട്രാക്കിന്റെ പരിശോധനകള്‍ കാര്യക്ഷമമായി നടക്കാറില്ലെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നു. എന്നാല്‍ റെയില്‍വേ അറ്റകുറ്റപ്പണിക്ക് വീഴച വരാറില്ലെന്ന് കോഴിക്കോട് സ്‌റ്റേഷന്‍ മാനേജര്‍ ജോസഫ് മാത്യു രാഷ്ട്രദീപികയോട് പറഞ്ഞു. വിള്ളല്‍ പോലുള്ള തകരാര്‍ കണ്ടെത്താന്‍ അള്‍ട്രാ സൗണ്ട് പരിശോധനകള്‍ നടത്താറുണ്ട്. പരിശോധനയില്‍ ജീവനക്കാരുടെ കുറവ് ബാധിക്കാറില്ല. ഓരോ ഏരിയകള്‍ക്കും അനുവദിച്ചിട്ടുള്ള സമയത്ത് പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts