രണ്ട് പതിറ്റാണ്ടിനു ശേഷം പിറവത്ത് എംവിഐപി കനാലിലൂടെ വെള്ളമെത്തി

EKM-KANALപിറവം: വേനല്‍മഴ പെയ്തിറങ്ങിയതിനേക്കാള്‍ നൂറിരട്ടി ആശ്വാസം വിതറിയാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മുവാറ്റുപുഴവാലി ഇറിഗേഷന്‍ പ്രോജക്ട് കനാലിലൂടെ വെള്ളമെത്തിയതും, നാട്ടുകാരുടെ മനം കുളിര്‍പ്പിച്ചതും. രണ്ട് പതിറ്റാണ്ടിലധികമായി പലവിധ കാരണങ്ങളാല്‍ നീണ്ടുപോയ പദ്ധതിയാണ് ഒടുവില്‍ ഇന്നലെ പൂര്‍ത്തീകരണത്തിലെത്തി നാടിന് കുളിര്‍മയായത്.

നേരത്തെ ടി.എം. ജേക്കബ് ഇറിഗേഷന്‍ മന്ത്രിയായിരുന്ന കാലത്ത് തുടങ്ങിവെച്ച പദ്ധതി പലവിധ കാരണങ്ങളാല്‍ തട്ടി നീണ്ടുപോകുകയായിരുന്നു. 1995-ല്‍ ജൂണില്‍ കരാറായ പദ്ധതി യഥാര്‍ഥത്തില്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കനാലിന്റെ ചില ഭാഗങ്ങളിലുണ്ടായിരുന്ന കരിങ്കല്‍ പാറകളാണ് പദ്ധതിക്ക് പ്രധാനമായും തടസമായത്. ഇത് പൊട്ടിച്ച് നീക്കുന്നതിനുണ്ടായ കാലതാമസം പദ്ധതി വീണ്ടും ഇഴയുന്നതിന് കാരണമായി.

ഒടുവില്‍ മന്ത്രി അനൂപ് ജേക്കബ് മുന്‍കൈയെടുത്ത് കഴിഞ്ഞ ആഗസ്റ്റ് മാസം വിളിച്ച് ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പദ്ധതിക്ക് ജീവന്‍വച്ചത്. തുടര്‍ന്ന് കനാലിലെ നീരൊഴുക്കിന് തടസമായി നിന്നിരുന്ന പറക്കൂട്ടങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചിരുന്നു. ഇലഞ്ഞി, എരപ്പാംകുഴി, പാലച്ചുവട്, പിറവം, കക്കാട് സൗത്ത് എന്നിവിടങ്ങളിലൂടെ പോകുന്ന കനാലിലൂടെ കൊടും വേനലില്‍ വെള്ളമെത്തിയത് പ്രദേശവാസികളില്‍ ഏറെ ആഹ്‌ളാദത്തിനിടയാക്കി. ബ്രാഞ്ച് കാനാലിന്റെ ചെയ്‌നേജ് 4150 മുതല്‍ 6604വരെയുള്ള ഭാഗമാണ് പുനരാരംഭിച്ചിരുന്നത്.

19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിലൂടെ വെള്ളമെത്തിയത് പിറവം മേഖലയിലെ ഹെക്ടറുകളോളം വിസ്തൃതിയുള്ള കൃഷിയിടങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും ഇതോടെ പരിഹാരമാകും. പിറവം ആശുപത്രിക്കവല ഭാഗത്തുവരെ വെള്ളമെത്തിയിട്ടുണ്ട്. കനാലില്‍ കല്ലും, മണ്ണുമടക്കമുള്ള മാലിന്യങ്ങള്‍ ധാരാളമുള്ളതിനാല്‍ ഇത് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് മാറ്റുന്നതിനുസരിച്ചാണ് വെള്ളമൊഴുകിയെത്തുന്നത്. വെള്ളമെത്തിയ ഭാഗങ്ങളിലെ കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

കടുത്ത വേനലായതിനാല്‍ ഇത് നാട്ടുകാര്‍ ഏറെ ആശ്വാസം പകരുന്നതാണ്.  കനാലിലൂടെ വെള്ളം പമ്പ് ചെയ്ത് ഒഴുകിയെത്തുന്നത് കാണുന്നതിന് മന്ത്രി അനൂപ് ജേക്കബ് എത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വെള്ളമെത്തിയതിലുള്ള നാട്ടുകാരുടെ ആഹ്‌ളാദത്തില്‍ മന്ത്രിയും പങ്കുചേരാനാനെത്തിയത്. മന്ത്രിക്കൊപ്പം നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ്, ഏലിയാസ് മങ്കിടി, സുനില്‍ ഇടപ്പലക്കാട്ട്, അരുണ്‍ കല്ലറയ്ക്കല്‍, മെബിന്‍ ബേബി, തോമസ് മല്ലിപ്പുറം, ജില്‍സ് പെരിയപ്പുറം, തോമസ് തെക്കുംമൂട്ടില്‍, കുര്യന്‍ പുളിക്കല്‍, തമ്പി പുതുവാക്കുന്നേല്‍ എന്നിവരുമുണ്ടായിരുന്നു.

Related posts