രഹസ്യമായി വിമര്‍ശനം ഉന്നയിക്കുന്ന നേതാക്കള്‍ പരസ്യമായി രംഗത്തു വരുമോ? എം.കെ.ദാമോദരന്‍: എല്‍.ഡി.എഫിനുള്ളില്‍ മുറുമുറുപ്പ്; പ്രതിച്ഛായ നഷ്ടമുണ്ടാകുന്നുവെന്ന് വിമര്‍ശനം

adv-damoഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: വിവാദമായ കേസുകളില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സര്‍ക്കാരിനെതിരെ ഹാജരാകുന്നതില്‍ എല്‍.ഡി.എഫിനുള്ളില്‍ അമര്‍ഷം പുകയുന്നു. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ എം.കെ ദാമോദരന്‍ വിവാദത്തില്‍ നഷ്ടമാകുന്നുവെന്ന പരാതി മുന്നണിയിലെ പ്രമുഖഘടകകക്ഷിയായ സി.പി.ഐയ്ക്ക് ഉള്‍പ്പടെയുണ്ട്.

ലോട്ടറികേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടിയും സര്‍ക്കാരിനെതിരെ ക്വാറി ഉടമകള്‍ക്കു വേണ്ടിയും എം.കെ ദാമോദരന്‍ ഹാജരായത് ശരിയായില്ലെന്ന അഭിപ്രായമാണ് മിക്ക ഘടകക്ഷികള്‍ക്കുമുള്ളത്. സര്‍ക്കാരിനുളളിലും മുന്നണിയ്ക്കുള്ളിലും  അസ്വാരസ്യം ഉണ്ടെ ന്ന് അറിയാതിരിക്കാനാണ് ഇക്കാര്യം പല നേതാക്കളും പുറത്തു പറയാത്തത്. ഇക്കാര്യത്തില്‍ സി.പി.എമ്മും മുഖ്യമന്ത്രിയും കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തണമെന്നും വന്‍കിടകാര്‍ക്കും വിവാദനായകര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരാണെന്ന പഴികേള്‍പ്പിക്കാന്‍ ഇടയാക്കരുതെന്നുമുള്ള അഭിപ്രായമാണ് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ മുന്നണിയിലെ പ്രമുഖഘടകകക്ഷിയിലെ ഉന്നത നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞത്.

ഇക്കാര്യം എല്‍.ഡി.എഫില്‍ വന്നാല്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യും ഇതേപറ്റി ഗൗരവമായി ചര്‍ച്ച ചേയ്യേണ്ടതായിട്ടുണ്ട്. വേതനം പറ്റുന്നില്ലെങ്കിലും ഗവര്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കും സ്റ്റാറ്റസും  അനുവദിച്ചു നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗമായി മാറിയ എം.കെദാമോദരന്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ ഹാജരാകുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന ശക്തമായ അഭിപ്രായം തന്നെയാണ് ഇദ്ദേഹം രാഷട്രദീപികയോട് പങ്കുവച്ചത്. ഇതേ അഭിപ്രായം തന്നെയാണ് മറ്റു ഘടകകക്ഷിയിലെ ചില നേതാക്കള്‍ക്കുമുള്ളത്.

ജനങ്ങള്‍ വലിയ പ്രതീക്ഷയില്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിനെ പൊതുമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ വിവാദത്തില്‍ ചാടിക്കാതെ ഇത്തരം കേസുകളില്‍ നിന്ന് എം.കെ ദാമോദരന്‍ സ്വയം ഒഴിഞ്ഞു നില്‍ക്കണമെന്നാണ് മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടത്. ഇദ്ദേഹം മാറി നിന്നില്ലെങ്കില്‍ നിയമോപദേഷ്ടാവ് സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി മാറ്റണമെന്ന അഭിപ്രായമാണ് ഇദ്ദേഹം രാഷ്ട്രദീപികയോട് പങ്കുവച്ചത്.

വരും ദിവസങ്ങളിലും സര്‍ക്കാരിനെതിരെ എം.കെ ദാമോദരന്‍ കോടതിയില്‍ ഹാജരായാല്‍ രഹസ്യമായി വിമര്‍ശനം ഉന്നയിക്കുന്ന ഇവരൊക്കെ പരസ്യമായി രംഗത്തു വരുമെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. ആദ്യമൊക്കെ ഇക്കാര്യത്തില്‍ പ്രതികരിക്കാതെയിരുന്ന ഘടകകക്ഷി നേതാക്കള്‍ രഹസ്യമായെങ്കിലും വിമര്‍ശനവുമായി രംഗത്ത് വന്നത് ഈ വിഷയത്തില്‍ മുന്നണിയ്ക്കുള്ളില്‍ മുറുമുറുപ്പ് തുടങ്ങിയതിന്റെ ലക്ഷണമാണ്. നിയമസഭ നടക്കുന്ന അവസരത്തില്‍ പ്രതിപക്ഷത്തിന് സര്‍ക്കാരിനെ അടിക്കാനുള്ള വടി ഇനിയും കൊടുക്കാതെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം സി.പി.എം കൈക്കൊള്ളണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്.

Related posts