റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആരംഭിച്ചു

KLM-CRIMEപേരൂര്‍ക്കട: സെക്രട്ടേറിയറ്റിലെ ലോ വകുപ്പില്‍നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരി വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. വട്ടിയൂര്‍ക്കാവ് പിടിപി നഗര്‍ സ്വദേശി രാധാമണി (65) യെ ആണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വീടിന്റെ ടെറസിലെ വാട്ടര്‍ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നുവരെ ഇവര്‍ വീട്ടിലുണ്ടായിരുന്നുവെന്നും അതിനുശേഷമുള്ള ഒരുമണിക്കൂറിനുള്ളില്‍ ഇവരെ കാണാതായി എന്നുമാണ് മകന്‍ പറയുന്നത്. വീടിന്റെ ടെറസില്‍ സ്ഥാപിച്ചിരുന്ന 500 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ടാങ്കിനുള്ളിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മകനും മരുമകളുമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് പുറത്തുപോയിരുന്നു.

രാധാമണിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വാട്ടര്‍ടാങ്കിനുള്ളില്‍ മരിച്ചനിലയില്‍ കാണുന്നത്. ടാങ്കിനുള്ളിലേക്ക് ഇറങ്ങുക പ്രയാസമാണെന്നും അതുകൊണ്ടുതന്നെ ഇവര്‍ എങ്ങനെ വാട്ടര്‍ടാങ്കിനുള്ളില്‍ എത്തിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു. ടാങ്കിനുള്ളില്‍ നിറയെ വെള്ളമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടാങ്കിനുള്ളിലെ വെള്ളത്തിന്റെ ജലനിരപ്പ് അറിയാന്‍ കയറിയതാകാന്‍ വഴിയില്ലെന്നാണ് പോലീസ് പറയുന്നത്. വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ എല്ലാവരും ഒരുപോലുള്ള മറുപടിയാണ് നല്‍കിയത്. കുടുംബപരമായി മറ്റുപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു വീട്ടുകാര്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. പോലീസ് എത്തി പരിശോധിക്കുമ്പോള്‍ രാധാമണി മരിച്ചിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ. അസ്വാഭാവിക മരണത്തിന് വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts