റൊണാള്‍ഡോയ്ക്ക് എതിരില്ല; രണ്ടാം വട്ടവും യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍

fb-ronaldoമൊണാക്കോ: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിയൊന്നുകാരനായ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെ സഹതാരം ഗരെത് ബെയ്‌ലിനെയും അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാനെയും മറികടന്നാണ് രണ്ടാമതും യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ ആകുന്നത്.

റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും പോര്‍ച്ചുഗലിന്റെ ജെഴ്‌സിയില്‍ യുവേഫ യൂറോ കപ്പു നേടിയതാണ് റൊണാള്‍ഡോയെ മികച്ച താരത്തിലേക്കുള്ള വഴിയില്‍ ബഹുദൂരം മുന്നിലെത്തിച്ചത്. യൂറോ കപ്പില്‍ റൊണാല്‍ഡോയുടെ മികവിലാണ് പോര്‍ച്ചുഗല്‍ ഫൈനലില്‍ എത്തിയത്. എന്നാല്‍, ഫൈനലില്‍ പരിക്കേറ്റ് കളംവിടേണ്ടിവന്നെങ്കിലും ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി പറങ്കിപ്പട തങ്ങളുടെ കന്നി യൂറോ കപ്പ് ചുണ്‌ടോടടുപ്പിച്ചു. 2014ലാണ് റൊണാള്‍ഡോയെ തേടി മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്കാരം മുമ്പ് എത്തിയത്.

2003 മുതല്‍ 2009വരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്നു റൊണാള്‍ഡോ. 2009ല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡില്‍ എത്തി. മാഞ്ചസ്റ്ററിനൊപ്പവും റയലിനൊപ്പവും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ പങ്കാളിയായി. ഇരു ടീമുകള്‍ക്കൊപ്പവും ഫിഫ ക്ലബ് ലോകകപ്പിലും പോര്‍ച്ചുഗല്‍ താരം മുത്തമിട്ടു.

Related posts