റോഡിന്റെ അവസ്ഥ ശോചനീയം; നടുവൊടിഞ്ഞു യാത്രക്കാര്‍

ALP-ROADമാവേലിക്കര: റെയില്‍വേ സ്‌റ്റേഷന്‍ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. യാത്രക്കാരും നാട്ടുകാരും റെയില്‍വേയ്ക്കു നിരവധി നിവേദനങ്ങളള്‍ നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. പ്രധാനമായും രാത്രികാലങ്ങളിലും പുലര്‍ച്ചയുമെത്തുന്ന യാത്രികരാണ് ഇവിടെ അപകടത്തില്‍ പെടുന്നത്.  റോഡിലെ ടാറ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഓട്ടോറിക്ഷകള്‍ പോലും ഓട്ടംവിളിച്ചാല്‍ ഈ വഴിപോകാന്‍ മടിക്കുന്നു .ടാറില്‍ നിന്നും മാറികിടക്കുന്ന മെറ്റലുകള്‍ കാരണം കാല്‍ നടയാത്രികര്‍ പോലും ദുരിതത്തിലാണ്. ഇലക്ഷന്‍ കാലയളവില്‍ ഭരണാധികാരികള്‍ ഇവയെല്ലാം ശരിയാക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഇവയൊന്നും പാലിക്കാന്‍ ഇവര്‍ തയാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ ഇവിടുത്തെ വഴിവിളക്കുകള്‍ കത്താതിരിക്കുന്നതും അപകടങ്ങള്‍ കൂട്ടുന്നു. ഇനിയും റയില്‍വേ അധികൃതര്‍ ഇതിനോട് മുഖം തിരിക്കയാണെങ്കില്‍ വഴിതടയല്‍ ഉള്‍പ്പടെയുള്ള സമരമാര്‍ഗങ്ങളിലേക്കു തിരിയുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related posts