ആലപ്പുഴ: ദേശീയപാതയിലെയും ഉപറോഡുകളിലെയും കുഴികള്‍ അടയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിലെ സ്വകാര്യബസുകള്‍ സമരത്തില്‍. കുഴികളില്‍ വീണ് വാഹനങ്ങളുടെ പ്ലേറ്റും സ്പ്രിംഗും അടക്കം ഒടിഞ്ഞ് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുന്ന സാഹചര്യത്തിലാണ് സ്വകാര്യബസുടമകള്‍ ഇന്നു രാവിലെ മുതല്‍ സര്‍വീസ് നിര്‍ത്തിയത്. പൊതുമരാമത്ത് മന്ത്രിയടക്കമുള്ള ജില്ലയില്‍, പ്രത്യേകിച്ച് നഗരത്തില്‍ റോഡിന്റെ അവസ്ഥ അതി ദയനീയമാണെന്ന് ഇവര്‍ പറയുന്നു.
റോഡിലെ കുഴികളില്‍ വീണ് പത്തിലധികം ബസുകള്‍ക്ക് പ്രധാന അറ്റകുറ്റപ്പണികള്‍ക്കായി ഓട്ടം നിര്‍ത്തേണ്ടി വന്നു.റോൗഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിലും വാഹനങ്ങള്‍ക്കുള്ള യാത്ര സുഗമമാക്കുന്നതിലും പ്രകടമായ ശ്രദ്ധ ചെലുത്താത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്കു പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കില്‍ ഉറച്ചു നില്‍ക്കുന്നതായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. ഉച്ചയ്ക്കു ഉടമകളുടെ യോഗം ചേരുന്നുണ്ട്.
അനിശ്ചിതകാല സമരമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും ഇതടക്കമുള്ള കാര്യങ്ങളില്‍ ഇതിനു ശേഷം തുടര്‍തീരുമാനമുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു. നിലവില്‍ അമ്പലപ്പുഴ താലൂക്ക് മേഖലയിലാണ് കുഴികളുടെ എണ്ണം കൂടുതലായി നില്‍ക്കുന്നത്. അതിനാല്‍ ഈ മേഖലയെയാണ് സമരം കാര്യമായി ബാധിച്ചിട്ടുള്ളത്. മേഖലയിലെ യാത്രക്കാര്‍ സമരത്തെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടുകയും ചെയ്തു.