ഗോഹട്ടി: രണ്ട് പതിപ്പുകള്‍കൊണ്ട് ഇന്ത്യന്‍ കായിക പ്രേമികളുടെ മനസില്‍ ആവേശമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിനു നാളെ തുടക്കം. വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസാമിനെ ഗോഹട്ടിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നമ്മുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ഏറ്റുമുട്ടുന്നതോടെയാണ് പുതിയ സീസണ് തുടക്കമാകുന്നത്. ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിനാണ് ഉദ്ഘാടനം.
എട്ടു ടീമുകളാണ് ഇത്തവണയും ലീഗിലുള്ളത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്, അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത, പൂന സിറ്റി എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിന്‍ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, എഫ്‌സി ഗോവ, ഡല്‍ഹി ഡൈനാമോസ് എന്നിവയാണ് പങ്കെടുക്കുന്ന ക്ലബ്ബുകള്‍.എഫ്‌സി ഗോവയെ പരാജയപ്പെടുത്തിയ ചെന്നൈയിന്‍ എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്മാര്‍. ആദ്യ എഡിഷനില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയായിരുന്നു ചാമ്പ്യന്മാരായത്. 65 ദിവസങ്ങളിലായി 56 മത്സരങ്ങളാണ് നടക്കുന്നത്.
ഡിസംബര്‍ 10നും 14നുമാണ് രണ്ടു പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലുകള്‍. ഡിസംബര്‍ 18നായിരിക്കും ഫൈനല്‍. ഫൈനലിന്റെ വേദി സംബന്ധിച്ച തീരുമാനം പിന്നീടേ ഉണ്ടാകൂ. കഴിഞ്ഞ തവണ അത്‌ലറ്റികികോ ഡി കോല്‍ക്കത്തയുടെ ഹോം ഗ്രൗണ്ട് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയമായിരുന്നുവെങ്കില്‍ ഇത്തവണ അത് രവീന്ദ്ര സരോവര്‍ സ്‌റ്റേഡിയമാണ്. മുംബൈ സിറ്റിയുടേത് മുംബൈ ഫുട്‌ബോള്‍ അരീനയാണ്. ചെന്നൈയിന്‍ എഫ്‌സിയുടെ ആദ്യമത്സരം ഒക്ടോബര്‍ രണ്ടിന് കോല്‍ക്കത്തയ്‌ക്കെതിരേയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വര്‍ണാഭമായ ചടങ്ങുകളാണ് ഗോഹട്ടിയില്‍ ഒരുക്കിയിരിക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമടക്കമുള്ളവര്‍ ഉദ്ഘാടനച്ചടങ്ങിനെത്തുമെന്നാണ് കരുതുന്നത്.
പ്രഫഷണല്‍ ഫുട്‌ബോളിന്റെ മികച്ച ഉദാഹരണമായി ഇതിനോടകം മാറിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലോകത്ത് ഏറെ ആരാധകരുള്ള ലീഗായി മൂന്നു വര്‍ഷംകൊണ്ട് മാറി. നിരവധി ലോകോത്തര താരങ്ങള്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന് നവജീവന്‍ നല്‍കാന്‍ ഈ ലീഗ്‌കൊണ്ടു സാധിക്കുമെന്നാണ് സംഘാടകരുടെയും ആരാധകരുടെയും പ്രതീക്ഷ.
ഓപ്പണ്‍ ടിക്കറ്റ് വില്പന തുടങ്ങി
കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിനു തുടങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്പന തുടങ്ങി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളെല്ലാം നെഹ്‌റു സ്‌റ്റേഡിയത്തിലാണു നടക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് അത്‌ലെറ്റിക്കോ ഡി കോല്‍ക്കത്തയുമായാണു ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ ആദ്യ മത്സരം.www.bookmyshow.com എന്ന വെബ്‌സൈറ്റില്‍നിന്ന് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങുന്നതിനും സൗകര്യമുണ്ട്.